മുംബൈ: ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡിയ്‌ക്ക് ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കാന്‍ അനുമതി നല്‍കാതെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യയില്‍ ബിവൈഡിയുടെ ഏറ്റവും വലിയ എതിരാളിയായ ഇലോണ്‍ മസ്കിന്റെ ടെസ് ല കാറില്‍ നിന്നും ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാനുള്ള നിക്ഷേപം പ്രതീക്ഷിക്കുകയാണെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകാമെന്ന് അവര്‍ സമ്മതിച്ചാല്‍ മാത്രമാണ് ബിവൈഡിയെ പരിഗണിക്കാന്‍ കഴിയൂ. ഇന്ത്യയില്‍ ന്യായമല്ലാത്ത ബിസിനസ് രീതികള്‍ ചൈനീസ് കമ്പനികള്‍ പിന്തുടരുന്നുണ്ടെന്നും പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. മുംബൈയില്‍ നടന്ന ഇന്ത്യാ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പീയൂഷ് ഗോയല്‍ ഇക്കാര്യം സൂചിപ്പിച്ചത്.
“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബിസിനസില്‍ തന്ത്രപരമായ താല്‍പര്യങ്ങളെക്കുറിച്ച് നല്ലതുപോലെ നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആര്‍ക്കൊക്കെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനം എടുക്കാന്‍ സാധിക്കൂ. എന്തായാലും ഇപ്പോഴത്തേക്ക് ബിവൈഡിയ്‌ക്ക് അനുമതിയില്ല. “- പീയൂഷ് ഗോയല്‍ പറഞ്ഞു.
ചൈനീസ് കമ്പനികളുടെ സുതാര്യമല്ലാത്ത ഉടമസ്ഥതാരീതിയെക്കുറിച്ച് ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. കാരണം ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും ചൈനീസ് സൈന്യത്തിനും നേരിട്ട് മിക്ക ചൈനീസ് കമ്പനികളിലും ഉടമസ്ഥതയുണ്ട്. മാത്രമല്ല, ചൈനീസ് കമ്പനികള്‍ ഒരിയ്‌ക്കലും വിപണിയുടെ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവയല്ല. പലപ്പോഴും അസാധാരണമായ രീതിയില്‍ ഡിസ്കൗണ്ട് നല്‍കിയും ഓഫറുകള്‍ നല്‍കിയ ചൈനീസ് കമ്പനികള്‍ മറ്റ് രാജ്യങ്ങളിലെ കമ്പനികളെ നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് ന്യായമല്ലാത്ത ബിസിനസ് രീതികളാണ്. ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്ന പല ചൈനീസ് കാര്‍ കമ്പനികളും ഈടാക്കുന്ന കുറഞ്ഞ വിലയെക്കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്നു. അതുപോലെ പുറത്തുള്ള രാജ്യങ്ങളില്‍ ഉല്‍പന്നങ്ങള്‍ അതിരുകവിഞ്ഞ രീതിയില്‍ കൊണ്ടുതള്ളുന്ന രീതിയും ചൈനീസ് കമ്പനികള്‍ക്കുണ്ട്. അതുപോലെ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങണമെങ്കില്‍ അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണം.
ഈയിടെ ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡി ഹൈദരാബാദില്‍ 1000 കോടി ഡോളര്‍ ചെലവില്‍ നിര്‍മ്മാണഫാക്ടറി തുടങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ വിശദീകരണം എന്ന് കരുതുന്നു. പീയൂഷ് ഗോയലിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാന്‍ ആലോചിക്കുന്നില്ലെന്ന് വിശദീകരിച്ച് ബിവൈഡി ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു.
നിരവധി വര്‍ഷങ്ങളായി ബിവൈഡി കാറുകള്‍ ഇന്ത്യയില്‍ വിപണനം നടത്തുന്നുണ്ടെങ്കിലും സ്വന്തമായി ഇന്ത്യയില്‍ ഫാക്ടറി തുടങ്ങാന്‍ ബിവൈഡിക്ക് കഴിഞ്ഞിട്ടില്ല. ഒട്ടേറെ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നു. ഇന്ത്യന്‍ കമ്പനിയായ മേഘ എഞ്ചിനീയറിംഗുമായി ചേര്‍ന്ന് നിര്‍മ്മാണഫാക്ടറി 100 കോടി ഡോളര്‍ ചെലവില്‍ 2023ല്‍ ആരംഭിക്കാന്‍ ബിവൈഡിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: