അഹമ്മദാബാദ്: എഐസിസി സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ പരിപാടിയില്‍ പങ്കെടുക്കാതെ പ്രിയങ്കാ വാദ്രയുടെ വിദേശയാത്ര വീണ്ടും ചര്‍ച്ചയാവുന്നു. സമ്മേളനത്തില്‍ പ്രിയങ്കാ വാദ്ര പങ്കെടുക്കില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. ബന്ധുവിന്റെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണ് പ്രിയങ്കാ വാദ്ര വിദേശത്ത് തുടരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെങ്കിലും നെഹ്രു കുടുംബത്തിന്റെ ഏതു ബന്ധുവിന് വേണ്ടിയാണ് പ്രിയങ്ക പാര്‍ട്ടിയുടെ സുപ്രധാന പരിപാടി ഉപേക്ഷിച്ച് വിദേശത്ത് തുടരുന്നതെന്ന് ആര്‍ക്കും അറിയില്ല. നേരത്തെ വഖഫ് ബില്‍ ചര്‍ച്ചയിലും പ്രിയങ്കാ വാദ്ര പങ്കെടുത്തിരുന്നില്ല. വയനാട് നിന്നും വിജയിച്ച് ലോക്‌സഭയിലെത്തിയ പ്രിയങ്കാ വാദ്ര വഖഫ് നിയമ ഭേദഗതി വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിനെതിരെ വലിയ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നതാണ്. ഇതിന് പിന്നാലെയാണ് എഐസിസി സമ്മേളനവും പ്രിയങ്ക ഉപേക്ഷിച്ചത്. ഇതുസംബന്ധിച്ച ചോദ്യത്തിന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നല്‍കിയ മറുപടി, 35 നേതാക്കള്‍ എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നും എന്തിനാണ് പ്രിയങ്കയുടെ കാര്യം മാത്രം ചോദിക്കുന്നത് എന്നുമാണ്.
എഐസിസി പ്രതിനിധി സമ്മേളനം നാളെ രാവിലെ അഹമ്മദാബാദിലെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ദേശീയ സ്മാരകത്തില്‍ ആരംഭിക്കും. വഖഫ് നിയമഭേദഗതിക്കെതിരെ സമ്മേളനത്തില്‍ പ്രമേയം പാസാക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി പുനസംഘടനയും സമ്മേളനത്തില്‍ തീരുമാനിക്കും. മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പരിപാടിയില്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: