കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവ് കെ രാധാകൃഷ്ണന്‍ എം പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട് പലരും നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് തന്നെ വിളിപ്പിച്ചതെന്ന് കൊച്ചിയില്‍ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു..
ആധാറും പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കം രേഖകളെല്ലാം താന്‍ നേരത്തെ കൈമാറിയിട്ടുണ്ട്. പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലല്ല നടക്കുന്നത്. താന്‍ സെക്രട്ടറി ചുമതല വഹിച്ച രണ്ടര വര്‍ഷക്കാലത്തോ അതിന് മുന്‍പോ ശേഷമോ സിപിഎം ജില്ലാ കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ലെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.താന്‍ ബാങ്കുമായി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ ബന്ധപ്പെട്ടിട്ടില്ല. കേസില്‍ പ്രതിയാണെന്ന രീതിയില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ഏഴര മണിക്കുറാണ് കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നാം തവണയും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണന്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായത്. കൊച്ചി ഇ ഡി ഓഫീസില്‍ അഭിഭാഷകന് ഒപ്പമാണ് എത്തിയത്. മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന്‍ ഹാജരായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: