ഹൈദരാബാദ് : ഹൈദരാബാദിലെ ദിൽസുഖ് നഗർ സ്‌ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. 2013 ൽ നടന്ന ദിൽസുഖ് നഗർ സ്‌ഫോടന കേസിൽ എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് കോടതി അപ്പീലുകൾ തള്ളിയത്.
യാസിൻ ഭട്കൽ, സിയാ-ഉർ-റഹ്മാൻ , അസദുള്ള അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. 2013 ഫെബ്രുവരി 21 ന് ഹൈദരാബാദിലെ ദിൽസുഖ്‌നഗറിലെ ചാറ്റ് ഭണ്ഡറിലെ ബസ് സ്റ്റോപ്പിലും മിർച്ചി പോയിന്റിലും ഉണ്ടായ ഇരട്ട ബോംബ് സ്‌ഫോടനങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് എൻഐഎ അന്വേഷണം ഏറ്റെടുത്ത് പൂർത്തിയാക്കി. ഇതിൽ 157 പേരുടെ മൊഴികൾ രേഖപ്പെടുത്തി. ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീന്റെ സഹസ്ഥാപകനായ യാസിൻ ഭട്കലിനെ ഈ സംഭവത്തിലെ മുഖ്യ പ്രതിയാക്കി. 2016 ഡിസംബർ 13 ന് എൻഐഎ കോടതി പ്രതികളായ അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് എൻഐഎ കോടതിയുടെ വിധിയെ അഞ്ച് പ്രതികളും ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.
എൻഐഎ കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. തുടർന്ന് ജസ്റ്റിസുമാരായ ലക്ഷ്മൺ, പി. ശ്രീസുധ എന്നിവരടങ്ങിയ ബെഞ്ച് ഏകദേശം 45 ദിവസത്തെ നീണ്ട വാദം കേൾക്കലിന് ശേഷം വിധി പറയുന്നത് മാറ്റിവച്ചു.
പിന്നീട് ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഇരുകക്ഷികളുടെയും വാദം പൂർത്തിയായ ശേഷം ജസ്റ്റിസ് കെ. ലക്ഷ്മണന്റെ ബെഞ്ച് ഇന്ന് വിധി പ്രസ്താവിച്ചു. എൻഐഎ കോടതിയുടെ തീരുമാനം കോടതി ശരിവയ്‌ക്കുകയും പ്രതിയുടെ അപ്പീൽ തള്ളുകയും ചെയ്തു.
ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇരകൾ സന്തോഷം പ്രകടിപ്പിക്കുകയും കോടതി പരിസരത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അതേ സമയം കേസിലെ മുഖ്യപ്രതി റിയാസ് ഭട്കൽ എന്ന മുഹമ്മദ് റിയാസ് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: