കോട്ടയം: ഭരണത്തിലെന്നപോലെ പാര്‍ട്ടി തലത്തിലും സിപിഎം കേരളത്തിലേക്ക് ഒതുങ്ങുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് പാര്‍ട്ടി കോണ്‍ഗ്രസ് വരച്ചിടുന്ന ചിത്രം. മറ്റു സംസ്ഥാനങ്ങളില്‍ അണികള്‍ ഇല്ലാതായതുപോലെ നേതാക്കളും കുറ്റിയറ്റു പോവുകയാണ്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി മലയാളിയായ എം എ ബേബി തെരഞ്ഞെടുക്കപ്പെട്ടതോടെ പാര്‍ട്ടി ഏതാണ്ട് പൂര്‍ണ്ണമായും കേരളത്തിലേക്ക് ഒതുങ്ങി. പാര്‍ട്ടി പോഷക സംഘടനകളുടെ തലപ്പത്ത് നേരത്തെ തന്നെ മലയാളികള്‍ മാത്രമാണുള്ളത്. ഇവരുടെ പട്ടിക പരിശോധിച്ചാല്‍ രസകരമാണ്. കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം, ഗാനങ്ങള്‍, അഭിനയം എല്ലാം സന്തോഷ് പണ്ഡിറ്റ് എന്നു പറഞ്ഞതു പോലെയാണ് കാര്യങ്ങള്‍. എല്ലാം കൈകാര്യം ചെയ്യുന്നത് ഒരു സംസ്ഥാനക്കാര്‍ മാത്രം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം, കര്‍ഷക തൊഴിലാളി യൂണിയന് പ്രസിഡണ്ട് എ വിജയരാഘവന്, ജനാധിപത്യ മഹിളാ അസോസിയേഷന് പ്രസിഡണ്ട് പി കെ ശ്രീമതി, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു എന്നിങ്ങനെ പോകുന്നു മലയാളികളുടെ നേതൃനിര. പാര്‍ട്ടി പിബിയിലുള്ളത് അഞ്ചുമലയാളികള്‍. കേന്ദ്ര കമ്മിറ്റിയില്‍ 17 പേരും മലയാളികള്‍.
പാര്‍ട്ടിയുടെ നയപരിപാടികളും എല്ലാം ഇനി കേരളത്തിലിരുന്ന് തീരുമാനിക്കാം എന്നൊരു മെച്ചമുണ്ട്. മറ്റൊരു സംസ്ഥാനത്തെ ആരോടും ചോദിക്കേണ്ട.
എം എ ബേബിയുടെ വരവോടെ പാര്‍ട്ടി സൈദ്ധാന്തികസ്വഭാവം പൂര്‍വാധികം വീണ്ടെടുക്കുകയും ജനങ്ങളില്‍ നിന്ന് പൂര്‍വാധികം തിരസ്കരിക്കപ്പെടുകയും ചെയ്യുമെന്നു തന്നെ ഇനി വിലയിരുത്താം. ബേബിയുടെ താടിയും തോല്സഞ്ചിയും നല്കുന്ന ബുദ്ധി ജീവി പരിവേഷം പാര്‍ട്ടിയെ എവിടെ കൊണ്ടു ചെന്ന് എത്തിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: