വാഷിങ്ടണ്‍: അമേരിക്കയില്‍ അഞ്ചാംപനി പടരുമ്പോള്‍ യുവ ഡോക്ടര്‍മാര്‍ക്ക് ഈ പനിയെക്കുറിച്ച് ധാരണയില്ലാത്തത് ആശങ്കയാവുന്നു. അമേരിക്കയിലെ യുവ ഡോക്ടര്‍മാരില്‍ പലരും ഈ രോഗലക്ഷണങ്ങള്‍ ആദ്യമായി കാണുന്നത് ഇപ്പോഴാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ(സിഡിസി) ഒടുവിലത്തെ കണക്കനുസരിച്ച് അമേരിക്കയിലെ 21 സംസ്ഥാനങ്ങളിലും ന്യൂയോര്‍ക്ക് നഗരത്തിലുമായി 607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. രോഗം ബാധിച്ച രണ്ടുകുട്ടികള്‍ ടെക്സാസില്‍ മരിച്ചു. ന്യൂ മെക്സിക്കോയിലെ മുതിര്‍ന്ന ഒരാളുടെ മരണം അഞ്ചാംപനി കാരണമാണോ എന്ന് സംശയിക്കുന്നു. ഇരുപത്തൊന്ന് സംസ്ഥാനങ്ങളിലെ 22 ഇടങ്ങളാണ് സിഡിസിയുടെ കണക്ക് പ്രകാരം ‘മീസില്‍സ് ഹോട്ട്സ്പോട്ടുകള്‍’. നിലവില്‍ രോഗം ബാധിച്ചവരില്‍ 74 പേരാണ് ആശുപത്രികളിലുള്ളത്.
യുഎസിലെ യുവഡോക്ടര്‍മാരില്‍ പലരും ആദ്യമായാണ് അഞ്ചാംപനി ബാധിച്ചവരെ കാണുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ ടെക്സ്റ്റ് ബുക്കുകളിലും പരീക്ഷാ പേപ്പറുകളിലും മാത്രമാണ് ഇവര്‍ അഞ്ചാംപനിയെ പരിചയപ്പെട്ടത്. ജീവിതത്തില്‍ ഒരിക്കലും കാണേണ്ടി വരില്ല എന്ന് കരുതിയ രോഗത്തെയാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വിഭാഗങ്ങള്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും രോഗികളെ പെട്ടെന്ന് തിരിച്ചറിയാനുള്ള പരിശീലനം നല്‍കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: