തിരുവനന്തപുരം: സംഭവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാന്റെ മാതാവ് ഷെമി. ഇത്രയും ക്രൂരത കാട്ടിയ മകനെ കാണാൻ താല്പര്യമില്ല. അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല. ഞങ്ങളുടെ കുടുംബവും ജീവിതവും തകർത്തു. എന്റെ പൊന്നു മോനെ കൊന്നവനാണെന്നും അവനോട് എങ്ങനെ ക്ഷമിക്കുമെന്നും മാതാവ്. 25 ലക്ഷം രൂപയ്‌ക്ക് മുകളിൽ ബാധ്യതയുണ്ടെന്നും ഷെമി പറഞ്ഞു. വീട് വിറ്റാൽ തീരുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു.
അന്ന് നടന്ന കാര്യങ്ങൾ മുഴുവനും ഓർമ്മയില്ല, സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. രാവിലെ ഇളയ മകനെ സ്കൂളിൽ വിട്ട ശേഷം തിരിച്ചു വന്ന് താൻ സോഫയിൽ ഇരുന്നു. അപ്പോൾ ഉമ്മ ക്ഷമിക്കണം എന്ന് പറഞ്ഞ് അഫാൻ ഷോൾ കൊണ്ട് കഴുത്ത് മുറുക്കി. ഫർസാനയെ വിളിച്ചുകൊണ്ട് വരാമെന്ന് പറഞ്ഞ് പോയി. പിന്നീട് പോലീസ് ജനൽ ചവിട്ടി പൊളിക്കുമ്പോഴാണ് തനിക്ക് ബോധം വരുന്നതെന്നും അഫാന്റെ ഉമ്മ പറഞ്ഞു.
കൂട്ടകൊലപാതക ദിവസം മൂന്ന് കൂട്ടർക്ക് പണം തിരികെ കൊടുക്കാമായിരുന്നു. ലോൺ ആപ്പിൽ വായ്പ തുക തിരിച്ചടയ്‌ക്കണമായിരുന്നു. 50,000 രൂപ ബന്ധുവിനു തിരികെ കൊടുക്കേണ്ടത് 24 നായിരുന്നു. ജപ്തി ഒഴിവാക്കാൻ സെൻട്രൽ ബാങ്കിൽ പണം തിരിച്ചു അടയ്‌ക്കേണ്ടതും 24 നായിരുന്നു. ഇക്കാര്യങ്ങളിൽ അഫാൻ അസ്വസ്ഥതൻ ആയിരുന്നെന്നും ഷെമി കൂട്ടിച്ചേർത്തു.
അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു, വൈരാഗ്യം ഉള്ളതായി അറിയില്ല. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസ്സം നിന്നതിനാണ്. സൽമ ബീവിയോട് വലിയ സ്നേഹമായിരുന്നു. മാല പണയം വെയ്‌ക്കാൻ സൽമ ബീവിയോട് ചോദിച്ചിരുന്നു. എന്നാൽ നൽകില്ലെന്നു സൽമ ബീവി പറഞ്ഞു. ഓൺലൈൻ ആപ്പുകളിൽ നിന്ന് ഉൾപ്പെടെ മകൻ വായ്പ എടുത്തിരുന്നു. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. തലേദിവസം 50,000 രൂപ ആവശ്യപ്പെട്ട് വീട്ടിൽ അഫ്ഫാനുമൊത്ത് ബന്ധു വീട്ടിൽ പോയിരുന്നു. എന്നാൽ പണം ലഭിച്ചില്ല. കടം വാങ്ങിയതെല്ലാം ഭർത്താവിനെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മ പറഞ്ഞു.
മകനെ കാണാൻ എനിക്കും താല്പര്യമില്ലെന്ന് പിതാവ് റഹീം പ്രതികരിച്ചു. ഇത്രയും ക്രൂരത കാട്ടിയ അവനോട് പൊറുക്കാൻ കഴിയില്ല. ഫർസാനയുടെ കുടുംബത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കാണാൻ താല്പര്യമില്ലെന്നായിരുന്നു ഫർസാനയുടെ കുടുംബം അറിയിച്ചത്. ഇത്രയും വലിയൊരു ബാധ്യത കുടുംബത്തിനുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. ചികിത്സയ്‌ക്ക് പണമില്ലാതെ വലിയ ബുദ്ധിമുട്ടിൽ ആണ് ഇപ്പോൾ. ആരും സഹായിക്കാനില്ലെന്നും റഹീം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: