ഷിനു ജീസസ്സ് എബ്രഹാം.
ചിറപ്പുറം.
സെര്‍ബിയ…….നോഹയുടെ പുത്രന് യാഫത്ത് തന്റെ പിന്‍തലമുറകളിലൂടെ സമ്പന്നമാക്കിയ യൂറോപ്പ്യന്‍ സുന്ദരദേശം. തെക്കന്‍ സ്ലാവിക്ക് ജനതയുടെ പാരമ്പര്യത്തില്‍ ബാല്‍ക്കന്‍ പ്രദേശത്ത് അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന മനോഹര ഭൂമി.
നോവാക് ജോക്കോവിച്ചിന്റെയും, സ്ലോബോടാന്‍ മിലോസ്ലോവിച്ചിന്റെയും, മാര്‍ഷല്‍ ജോസഫ് റ്റിട്ടോയും, എമിര്‍ കസ്തൂറിക്കും ജന്മമെടുത്ത നാട്. വിശ്വപ്രസിദ്ധമായ ദാന്യൂബ് നദിയും ഹവാ നദിയും പരിപോഷിപ്പിച്ചും സംഗമിച്ചും സുന്ദരസമൃദ്ധമാക്കിയൊരു നാട്.
ഒട്ടൊമന്‍ തേരോട്ടങ്ങളും റഷ്യന്‍ കമ്മ്യൂണിസത്തിനെതിരെ ലോക ശക്തികളുടെ ശക്തിപ്രകടത്തില്‍ അകപ്പെട്ടു പോയ ചെറു രാജ്യങ്ങള്‍, ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍, യുദ്ധക്കൊതിയന്മാരായ അമേരിക്കന്‍ ഭരണാധികാരികളും ഫാസിസ്റ്റ് ജര്‍മ്മന്‍ കാപാലികരും ഒരുപോലെ നശിപ്പിച്ച ഒരു ജനത. കത്തോലിക്കാ സഭയുടെ രാഷ്ട്രീയ പിന്‍ബലത്തിലുള്ള അധിനിവേശത്തില്‍ ഓര്‍ത്തഡോക്സ് വിശ്വാസത്തിനായി പൊരുതേണ്ടി വന്ന ജനത. രാഷ്ട്രീയ അധികാരത്തിനായി ഒന്നായി നിന്ന രാജ്യത്തിനെ ആറായി കീറിമുറിച്ച യുദ്ധകോലാഹലങ്ങള്‍… ഒരു രാജ്യത്തിന് രണ്ട് നൂറ്റാണ്ടില്‍ നേരിടേണ്ടി വന്ന ദുരന്ത ദുരിതങ്ങള്‍ എത്രത്തോളം സാമ്പത്തിക ബാധ്യതയും പുരോഗമനത്തില്‍ വിലങ്ങുതടിയും ആകുന്നു എന്ന് വേദനയോടെ നോക്കിക്കാണാന്‍ സാധിക്കുന്ന ഇടം.
സെര്‍ബിയയും തലസ്ഥാനമായ ബെല്‍ഗ്രെഡും നോവിസാതും സ്ലേറ്റിബോറും, കാല് നൂറ്റാണ്ട് മുന്‍പ് യുഗോസ്ലാവ്യന്‍ പതാക്കക്കീഴില്‍ ഒന്നായി നിന്നതില്‍ നിന്നും ആറായി പിരിഞ്ഞതില്‍ ഒന്നായ ബോസ്നിയയും സെരിജവോയും മോന്റീനെഗ്രോയും ഒക്കെ യാത്ര ചെയ്യുമ്പോള്‍ ആ യാതനയുടെ ജനതയോടും അവരുടെ പൂര്‍വികരോടും മനസ്സാ അനുകമ്പയും അനുഭാവവും അധിനിവേശക്കാരായ ആക്രമികാരികളോട് പകയും ജനിപ്പിക്കുന്ന സഞ്ചാരപദങ്ങള്‍.
സഞ്ചാരികകളുടെ ആധുനിക കാലത്തെ ഇഷ്ടലക്ഷ്യങ്ങളില്‍ ഒന്നാണ് പടിഞ്ഞാറന്‍ സെര്‍ബിയയിലെ സ്ലാറ്റിബോര്‍ പര്‍വതപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഡ്രെവെന്‍ഗ്രാഡ്. പുരാതന റയില്‍വേ ലൈന്‍ ആയ സര്‍ഗന്‍ ഏയ്റ്റ്ല്‍ മോക്ര ഗോറ സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്റര്‍ ദൂരത്തിലുള്ള ‘ഏത്നിക് വുഡന്‍ വില്ലേജ് ‘ . വിഖ്യാത ചലച്ചിത്രകാരന് എമിര്‍ കസ്തൂറിക്ക 2004 ല്‍ തന്റെ ‘ലൈഫ് ഈസ് എ മിറക്കിള്‍’ എന്ന ചിത്രത്തിനായി ഒരു്ക്കിയ സെറ്റ്.
ഇന്ന് സാംസ്കാരിക, വിനോദസഞ്ചാര ആകര്‍ഷണമായി പരിണമിച്ചു. കാഴ്ചകണ്ടു മടങ്ങാം എന്നുമാത്രം കരുതിയാണ് ‘ഏത്നിക് വുഡന്‍ വില്ലേജില്‍‘ എത്തിയത്. സെര്‍ബിയന്‍ പൈതൃകം, കല, വാസ്തുവിദ്യ എന്നിവയുടെ മിശ്രിതമായ പരമ്പരാഗത മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യതിരിക്തമായ കാഴ്ചകള്‍ അതിമനോഹരം. അവിസ്മരണീയം.
എന്നാല്‍ അഭിനിവേശം ഉണ്ടാക്കിയത് മറ്റൊരു കാഴ്ചയായിരുന്നു. എമിര്‍ കസ്തൂറിക്ക എന്ന വിശ്വവിഖ്യാതനായ ചലച്ചിത്ര സംവിധായകന് കണ്മുന്നില്. സെര്‍ബിയന്‍ സിനിമയെ വാനോളമെത്തിച്ച അതുല്യ പ്രതിഭ. തന്റെ അഞ്ചു സിനിമകള്‍ക്ക് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ സംവിധായകന്. പ്രശസ്തരായ അനേകം യുവ പ്രതിഭകളെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയ വലിയമനുഷ്യന്. ഫുട്ബോല്‍ ഇതിഹാസം മറഡോണയെക്കുറിച്ചുള്ള ലോകപ്രശസ്ത ഡോക്യുമെന്ററിയുടെ ഉപഞ്ജാതാവ്…’ഏത്നിക് വുഡന്‍ വില്ലേജിന്റെ ‘ സൃഷ്ടാവ്…….കണ്ണുകളെ വിശ്വസിക്കാനായില്ല. ‘ലൈഫ് ഈസ് എ മിറക്കിള്‍’ എന്നത് അടിവരയിടുന്ന കാഴ്ച.
അതിലും അതിശയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. ജാഢയോ തലക്കനമോ തൊണ്ടു തീണ്ടിയിട്ടില്ലാത്ത സര്‍വ സാധാരണക്കാരനെപ്പൊലെ. ഒപ്പം നിന്നൊരു ചിത്രമെടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ സമ്മതിച്ചു എന്നു മാത്രമല്ല, നല്ല പടം കിട്ടുന്നത് എവിടെ നിന്നാല്‍ എന്നു പറയുകയും ചെയ്തു. വിശ്വവിഖ്യാതനായ ചലച്ചിത്ര സംവിധായകനെ കണ്ടറിയുവാന്‍ എന്നിലെ സഞ്ചാരിക്ക് അവിചാരിതമായി സാധിച്ചതിന്റെ വിസ്മയം എന്നില്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. യൂറോപ്യന്‍ യാത്രയുടെ തിലകമായി എമിര്‍ കസ്തൂറിക്കയുമായുള്ള കൂടിക്കാഴ്ച. ‘ഏത്നിക് വുഡന്‍ വില്ലേജി’ നെക്കുറിച്ച് കൂടുതലറിയാനും നിലപാടുകളിലും ആവിഷ്കാര വൈഭവത്തിലും കാഴ്ചപ്പാടുകളിലും വെള്ളം ചേര്‍ക്കാത്ത മഹാ പ്രതിഭയുമായുള്ള കൂടിക്കാഴ്ച വഴിതെളിച്ചു.
.എമിര്‍ കസ്തൂറിക്കയുടെ സര്‍ഗ്ഗാത്മക ദര്‍ശനത്തിന്റെയും പരമ്പരാഗത സെര്‍ബിയന്‍ സംസ്കാരത്തോടുള്ള സ്നേഹത്തിന്റെയും തെളിവായി ‘ഏത്നിക് വുഡന്‍ വില്ലേജ് ‘നിലകൊള്ളുന്നു. അതിശയിപ്പിക്കുന്ന പ്രകൃതിദത്ത ചുറ്റുപാടുകള്‍ക്കിടയില്‍ ശാന്തമായ വിശ്രമം നല്കുമ്പോള് തന്നെ, ഈ സവിശേഷമായ എത്നോ ഗ്രാമം സന്ദര്‍ശകര്‍ക്ക് പഴയ കാലഘട്ടത്തിലേക്ക് നേര്‍ക്കാഴ്ച നല്കുന്നു.
കുസ്റ്റെന്‍ഡോര്‍ഫ് എന്നും മെക്കാവ്നിക് എന്നും അറിയപ്പെടുന്ന ഡ്രെവെന്‍ഗ്രാഡ് (വുഡന്‍ ടൗണ്‍) പൂര്‍ണ്ണമായും മരം കൊണ്ട് നിര്‍മ്മിച്ച ഒരു ഗ്രാമീണവും മനോഹരവുമായ ഗ്രാമമാണ്.
ലോകമെമ്പാടുമുള്ള ചലച്ചിത്ര നിര്‍മ്മാതാക്കളെയും സംഗീതജ്ഞരെയും റോബര്‍ട്ട് ഡി നിറോ, മോണിക്ക ബെള്ളുച്ചി തുടങ്ങിയ വിശ്വപ്രസിദ്ധ കലാകാരന്മാരെയും ആകര്‍ഷിക്കുന്ന വാര്‍ഷിക കുസ്റ്റെന്‍ഡോര്‍ഫ് ഫിലിം ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഡ്രവെന്‍ഗ്രാഡില്‍ എല്ലാ ജനുവരിയിലും നടക്കുന്നു. എമീര്‍ കസ്തൂറീക്ക തന്നെ ഡ്രെവെന്‍ഗ്രാഡിലാണ് താമസിക്കുന്നത്. കസ്റ്റുറിക്സ് വളരെയധികം ബഹുമാനിക്കുന്ന നിക്കോള ടെസ്ല, നൊവാക് ജോക്കോവിച്ച്, ഡീഗോ മറഡോണ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പേരിലാണ് തെരുവുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
പരമ്പരാഗത വാസ്തുവിദ്യ, കലാപരമായ സര്‍ഗ്ഗാത്മകത, പ്രകൃതി സൗന്ദര്യം എന്നിവ സംയോജിപ്പിച്ച് സെര്‍ബിയയില്‍ ഡ്രെവന്‍ഗ്രാഡിലേക്കുള്ള സന്ദര്‍ശനം ഒരു സവിശേഷ സാംസ്കാരിക അനുഭവം പ്രദാനം ചെയ്യുന്നു. നിങ്ങള്‍ ഒരു സിനിമാ പ്രേമിയോ, കലാപ്രേമിയോ, അല്ലെങ്കില്‍ സമാധാനപരമായ ഒരു വിശ്രമസ്ഥലം തേടുന്നയാളോ ആകട്ടെ, എമിര്‍ കസ്തൂരിക്കയുടെ എത്നോ വില്ലേജ് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ്. മനോഹരമായ ചുറ്റുപാടുകള്‍ ആസ്വദിക്കാനും വിശ്രമിക്കാനും കഴിയുന്ന ഒരു സ്ഥലമാണിത്.
മനോഹരമായ തടി വീടുകള്‍, വര്‍ണ്ണാഭമായ വാതിലുകള്‍, കലാപരമായ വിശദാംശങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ മനോഹരമായ തെരുവുകളിലൂടെ നടക്കുക. സെര്‍ബിയന്‍ പാട്രണ്‍ സെന്റ് സാവയുടെ മനോഹരമായ മൊസൈക്ക് ചിത്രീകരിച്ചിരിക്കുന്ന സെന്റ് സാവ പള്ളി, റെട്രോ കാര്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. സാഹിത്യസിനിമാ ഇതിഹാസങ്ങളോടുള്ള എമിര്‍ കസ്തൂറിക്കയുടെ ആദരാഞ്ജലികളെ പ്രതിഫലിപ്പിക്കുന്ന ഇവോ ആന്‍ഡ്രിക് ലൈബ്രറി, സ്റ്റാന്‍ലി കുബ്രിക് സിനിമ തുടങ്ങിയ സാംസ്കാരിക ലാന്‍ഡ്മാര്‍ക്കുകളും ഡ്രെവെന്‍ഗ്രാഡില്‍ കാണാം. 1999 ല്‍ സെര്‍ബിയയെ അന്യായമായി ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്ത അമേരിക്കയുടെയും നാറ്റോയുടെയും ക്രൂര നരഹത്യക്കെതിരെ തന്റെ ആവിഷ്കാര സ്വാതന്ത്രിത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനും നാറ്റോ സെക്രട്ടറി ജനറല്‍ ജാവിയര്‍ സോളാനക്കും നിര്‍മ്മിച്ചു നല്കിയ കല്‍ത്തുറങ്കലും എന്നെ ഹടാതാകര്ഷിച്ചു.
വാസ്തുവിദ്യാ, സാംസ്കാരിക ആകര്‍ഷണങ്ങള്‍ക്ക് പുറമേ, ഡ്രെവന്‍ഗ്രാഡ് മനോഹരമായ പാചക അനുഭവങ്ങളും പ്രദാനം ചെയ്യുന്നു. സന്ദര്‍ശകര്‍ക്ക് പ്രാദേശിക റെസ്റ്റോറന്റുകളില്‍ പരമ്പരാഗത സെര്‍ബിയന്‍ വിഭവങ്ങള്‍ ആസ്വദിക്കാം. കഫേകളിലും ഗ്രാമത്തിലെ കേക്ക് ഷോപ്പിലും മധുരപലഹാരങ്ങള്‍ ആസ്വദിക്കാം. കൈകൊണ്ട് നിര്‍മ്മിച്ച കരകൗശല വസ്തുക്കളും സുവനീറുകളും വില്‍ക്കുന്ന വിവിധതരം കരകൗശല കടകളും ഗ്രാമത്തിലുണ്ട്, ഇത് ഡ്രെവന്‍ഗ്രാഡിന്റെ ഒരു ഭാഗം വീട്ടിലേക്ക് കൊണ്ടുപോകാന്‍ തികഞ്ഞ അവസരം നല്കുന്നു. ഒരു സ്പോര്‍ട്സ് ഹാളും ഉണ്ട്, വാടകയ്ക്ക് മുറികള്‍ ലഭ്യമാണ്. എമിറിന്റെ സുഹൃത്തായ ഇതിഹാസ ടെന്നിസ് താരം നോവാക് ജോക്കോവിച് സന്ദര്‍ശിക്കുകയും തന്നോടൊപ്പം ചിലവഴിക്കുകയും ചെയ്തിട്ടുള്ള സിന്തറ്റിക് ടെന്നിസ് കോര്‍ട്ടും, ബ്രഹത്തായ ഒരു സ്വിമ്മിംഗ് പൂളും പൂളിനടിയില്‍ അതിവിശാലമായ ഒരു തിയേറ്റര്‍ കോംപ്ലക്സ്സും ഒന്നിനൊന്ന് മികച്ച വിസ്മയ സൃഷ്ടികള്‍ തന്നേ.
സെര്‍ബിയയുടെ സമ്പന്നമായ ചരിത്രം, ഊര്‍ജ്ജസ്വലമായ സംസ്കാരം, ഉജ്ജ്വലമായ രാത്രിജീവിതം എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍ നിങ്ങള്‍ക്ക് ബെല്‍ഗ്രേഡ്, നോവി സാഡ്, സ്ലാറ്റിബോര്‍ എന്നിവയും സന്ദര്‍ശിക്കാം. നിങ്ങളുടെ സെര്‍ബിയന്‍ യാത്രാ പദ്ധതിയില്‍ സാഹസിക യാത്ര ബോസ്നിയയിലേക്കും ഹെര്‍സഗോവിനയിലേക്കും മോന്റീനെഗ്രോയിലേക്കും ആകാം. അലക്സാണ്ടറിന്റെ ജന്മദേശമായ നോര്‍ത്ത് മാസിഡോണിയായിലേക്കും പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: