ന്യൂദല്‍ഹി: സദ് ഗുരുവിന്റെ കോയമ്പത്തൂരിലെ ഇഷ യോഗ ആശ്രമത്തില്‍ 72 സൈനികോദ്യോഗസ്ഥര്‍ ഹഠയോഗയില്‍ പരിശീലനം നേടി. ശാരീരിക ക്ഷമതയും മാനസിക ശാന്തിയും നേടുക എന്ന നേവിയുടെ തത്വമനുസരിച്ചാണ് നാവികോദ്യോഗസ്ഥര്‍ ഹഠയോഗ പരിശീലനം നേടാന്‍ എത്തിയത്.
ഇഷ ഫൗണ്ടേഷന് കീഴിലുള്ള സദ് ഗുരു ഗുരുകുലം സ്കൂളില്‍ താമസിച്ചാണ് ഇവര്‍ 15 ദിവസത്തെ ക്ലാസിക്കല്‍ ഹഠയോഗം പരിശീലിച്ചത്. ‘ട്രെയിന്‍ ദി ട്രെയിനര്‍’ എന്ന കോഴ്സ് പൂര്‍ത്തികരിച്ച ഇവര്‍ക്ക് മറ്റ് നാവികോദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ നല്‍കാന്‍ കഴിയും.
പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥര്‍ക്കുള്ള എട്ടാമത്തെ പരിശീലന പരിപാടിയായിരുന്നു നടന്നത്. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു പരിശീലനം. കോഴ്സിന്റെ ഭാഗമായി ഓം മന്ത്രിക്കല്‍, ഇഷ ക്രിയ, ഉപയോഗ, സൂര്യക്രിയ, അംഗമര്‍ദ്ദന തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്. “ഏത് സാഹചര്യങ്ങളെയും മാനസികസമനില കൈവിടാതെ, വ്യക്തതയോടെ നേരിടാനാവുന്ന മാനസിക നിലയും ശാരീരിക കരുത്തും കൈവരിക്കാന്‍ ഹഠയോഗയിലൂടെ സാധിക്കും. രാജ്യത്തിന് വേണ്ടി ഉയര്‍ന്ന സേവനം നല്‍കേണ്ട നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിനും മനസ്സിനും മേല്‍ നല്ല നിയന്ത്രണം ഉണ്ടാകേണ്ടതുണ്ട്.” – സദ് ഗുരു എക്സില്‍ കുറിച്ചു.
ഇന്ത്യന്‍ നാവികസേന കമാന്‍റര്‍ വൈഭവ് തന്റെ സമൂഹമാധ്യമപേജില്‍ പ്രതികരിച്ചത് ഇങ്ങിനെയാണ്:”സൈന്യത്തില്‍ പ്രതിരോധപരിശീലനത്തിന്റെ ഭാഗമായുള്ള പരിശീലനത്തില്‍ മസിലുകള്‍ ശക്തമാക്കുന്നതോടൊപ്പം ശ്വാസകോശത്തിന്റെ പരിധി കൂട്ടുക എന്നതുമാണ് സാധ്യമാക്കുന്നത്. പക്ഷെ ക്ലാസിക്കല്‍ ഹഠയോഗയിലൂടെ മനസ്സിലായ ഒരു പ്രധാനകാര്യം എന്തെന്നാല്‍ യോഗയെ വെറുമൊരു ശാരീരിക വ്യായാമം എന്ന നിലയില്‍ പലരും പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നുള്ളതാണ്. കേവലമൊരു ശാരീരിക വ്യായാമം എന്ന നിലയില്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്താതെ, യോഗയെ പരിശീലനത്തിന്റെ ഭാഗമാക്കുക വഴി മനസ്സിന്റെ കരുത്ത് കൂട്ടുന്നത് വഴി, ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കും.”
മുംബൈ, പൂനെ, അഹമ്മദാബാദ്, ഗ്വാളിയോര്‍, ജാന്‍സി, സെക്കന്തരാബാദ്, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളിലായി ഇതിനോടകം 10,000 സൈനികര്‍ക്ക് സദ്ഗുരുവിന്റെ ആശ്രമം സൗജന്യമായി ഹഠയോഗപരിശീലനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: