കൊച്ചി: എമ്പുരാനില്‍ രാഹുല്‍ ഗാന്ധി അധികാരത്തിന് വേണ്ടി ഹിന്ദുത്വവാദികളുമായി കൈകോര്‍ക്കുന്ന രംഗമുണ്ടെന്നും മുഖ്യമന്ത്രിയായി ഇരിക്കുന്ന രാഹുല്‍ ഗാന്ധിയെ മോശം വ്യക്തിയായാണ് മുരളീഗോപി എമ്പുരാനില്‍ ചിത്രീകരിക്കുന്നതെന്നും അഖില്‍ മാരാര്‍.
അധപതിച്ച പാര്‍ട്ടി എന്ന രീതിയിലാണ് മുരളീഗോപി എമ്പുരാനില്‍ കോണ്‍ഗ്രസിനെ ചിത്രീകരിക്കുന്നത്
നിരവധി പൊരുത്തക്കേടുകളും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളും ഈ സിനിമയില്‍ കുത്തിനിറച്ചിരിക്കുകയാണെന്നും അഖില്‍ മാരാര്‍ പറയുന്നു. ആദ്യത്തെ കുറച്ചു സീനുകള്‍ കഴിഞ്ഞാല്‍ ഈ സിനിമ വിവരക്കേടില്‍ നിന്നും വിവരക്കേടിലേക്ക് സഞ്ചരിക്കുന്ന സിനിമയാണിത്. രാഹുല്‍ ഗാന്ധിയെ മോശം കഥാപാത്രമായി ചിത്രീകരിച്ചിട്ടും അദ്ദേഹം അധികാരത്തില്‍ ഇരിക്കുമ്പോള്‍ മോശം കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയായിട്ട് വരെ ചിത്രീകരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ ആരും ഈ സിനിമയ്ക്കെതിരെ പ്രതികരിച്ചിട്ടേയില്ല.അതായത് കോണ്‍ഗ്രസ് അത്രത്തോളം അധപതിച്ച പാര്‍ട്ടിയാണ് എന്ന രീതിയിലാണ് മുരളീഗോപി എമ്പുരാനില്‍ കോണ്‍ഗ്രസിനെ ചിത്രീകരിക്കുന്നത് – അഖില്‍ മാരാര്‍ പറയുന്നു.
എമ്പുരാനിലെ സഹോദരനും സഹോദരിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും
ഇവിടെ ഹിന്ദുപാര്ട്ടിയെയാണ് ഒരുഭാഗത്ത് ചിത്രീകരിക്കുന്നതെങ്കില്‍, മറുഭാഗത്ത് കാണിക്കുന്ന സഹോദരിയും സഹോദരനും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. ഐയുഎംഎഫ് എന്ന പേരില്‍ എമ്പുരാനില്‍ കാണിക്കുന്ന രാഷ്ട്രീയപാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. അതില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വ വാദികളുമായി കൈകോര്‍ത്ത് മുഖ്യമന്ത്രിയായി അധികാരത്തില്‍ വരുന്നത് കാണിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. ഇതുപോലെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത പല കാര്യങ്ങളും ഈ സിനിമയില്‍ മുരളീഗോപി എന്ന തിരക്കഥാകൃത്ത് കുത്തിനിറച്ചിരിക്കുകയാണെന്നും അഖില്‍ മാരാര്‍ കുറ്റപ്പെടുത്തുന്നു. ഈ സിനിമയില്‍ രാഹുല്‍ ഗാന്ധിയെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രിയായ കഥാപാത്രം ഒരു വലിയ പൊതുസമ്മേളനം വിളിച്ചുകൂട്ടുന്നുണ്ട്. അങ്ങിനെ നമ്മുടെ നാട്ടില്‍ മുഖ്യമന്ത്രിയ്ക്ക് പൊതുസമ്മേളനം വിളിക്കാനുള്ള അധികാരമുണ്ടോ? ഇല്ല. പക്ഷെ അങ്ങിനെ തെറ്റായ ഒരു കാര്യം എമ്പുരാനില്‍ കാണിക്കുന്നുണ്ട്.
കൂറുമാറ്റ നിരോധനനിയമത്തെക്കുറിച്ച് മുരളീഗോപിയ്ക്ക് അറിയില്ലേ?
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പോലെ പച്ചയായ രാഷ്ട്രീയം തുറന്നുകാണിക്കുന്ന സിനിമയാണെന്ന് നമുക്ക് തോന്നും.പക്ഷെ പിന്നീട് ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടില്‍ നിന്നും വിവരക്കേടിലേക്കാണ്. കൂറുമാറ്റനിരോധനമൊന്നും അറിയാത്ത ഒരാളാണോ ഇതിന്റെ തിരക്കഥയെഴുതിയതെന്ന് തോന്നും. മുരളീഗോപിക്ക് കൂറുമാറ്റ നിരോധനനിയമം എന്നൊന്നും നിയമം രാജ്യത്തുണ്ട് എന്നറിയില്ലേ? നമ്മള് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി എംഎല്‍എ ആയതിന് ശേഷം നമ്മള് ആ പാര്‍ട്ടി വിട്ടാല്‍ പിന്നെ നമുക്ക് ആ പാര്‍ട്ടിയുടെ എംഎല്‍എ ആയി തുടരാന്‍ കഴിയില്ല. എന്നാല്‍ ഈ യാഥാര്‍ത്ഥ്യമൊന്നും എമ്പുരാനില്‍ പരിഗണിച്ചിട്ട് പോലുമില്ല. ഇവിടെ രാഹുല്‍ഗാന്ധി ഹിന്ദുവാദികളുമായി കൈകോര്‍ത്ത് മുഖ്യമന്ത്രിയാകുന്നു പക്,െ എത്ര എംഎല്‍എമാര്‍, എത്ര മന്ത്രിമാര്‍ ഇദ്ദേഹത്തിന് പിന്തുണ നല്കി എന്ന കാര്യമൊന്നും കാണിക്കുന്നില്ല.
ഹിന്ദുത്വ വാദികളുമായി കൈകോര്‍ക്കുന്ന ആളായാണ് രാഹുല്‍ ഗാന്ധിയെ ചിത്രീകരിക്കുന്നത്. ഞാന്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ പോകുന്നു എന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍ അതിനെ എതിര്‍ക്കുന്ന ഒരാള്‍ പോലും കോണ്‍ഗ്രസില്‍ ഇല്ല. എന്നിട്ടും കോണ്‍ഗ്രസുകാര്‍ ഇതിനെ എതിര്‍ത്തിട്ടില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വല്ലാതെ വ്യതിചലിക്കുന്ന സിനിമയാണിത്.
ലോകം ഭരിയ്ക്കുന്ന എബ്രഹാം ഖുറേഷി എന്തിന് 23 വര്‍ഷം കാത്തിരുന്നു?
ഇനി എബ്രഹാം ഖുറേഷി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം സയ്യിദ് മസൂദിന്റെ കൊലയാളിയെ 23 വര്‍ഷത്തിന് ശേഷം തട്ടുന്ന ഒരു രംഗമുണ്ട്. ലോകത്തെ മുഴുവന്‍ ഭരിയ്ക്കാന്‍ കഴിവുള്ള ആളാണ് എബ്രഹാം ഖുറേഷി എന്നിരിക്കെ, സയ്യിദ് മസൂദിന്റെ വീട്ടുകാരെ മുഴുവന്‍ തട്ടിയ ആളെ കൊല്ലാന്‍ എബ്രഹാം ഖുറേഷി 23 വര്‍ഷമാണ് കാത്തിരിക്കേണ്ട ആവശ്യമില്ലല്ലോ? ഇത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും വ്യതിചലിക്കുന്ന രംഗമാണ്. . വീട്ടുകാരെ മുഴുവന്‍ തട്ടിയ ആളെ തട്ടാന്‍ 23 വര്‍ഷം കാത്തിരിക്കേണ്ട ആവശ്യമുണ്ടോ? മതത്തെയും മനുഷ്യരെയും തമ്മിലടിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന സിനിമ മാത്രമാണ് എമ്പുരാന്. മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങിനെ പണമുണ്ടാക്കാം? അതാണ് ഈ സിനിമയില്‍ നമ്മള് കണ്ടത്. മതേതരത്വത്തിന്റെ പേരില്‍ ബിജെപിയെ എതിര്‍ക്കുക എന്നതിന്റെ പേരില്‍, ഈ സിനിമയെക്കുറിച്ച് സത്യസന്ധമായി അഭിപ്രായം പോലും പറയാന്‍ കഴിയാതെ നിശ്ശബ്ദരാക്കപ്പെട്ട ജനതയാണ് ഇവിടെ ഉള്ളത്.
സ്റ്റീഫന്‍ നെടുമ്പള്ളിയും എബ്രഹാം ഖുറേഷിയുമായുള്ള ബന്ധം ഒന്നും ഈ സിനിമയില്‍ തുറന്നുപറയുന്നില്ല. എബ്രഹാം ഖുറേഷിയി കൊല്ലപ്പെടുന്നത് ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. പച്ചയായ രാഷ്ടീയം പറഞ്ഞ മഹത്തായ കലയാണ് എമ്പുരാന് എന്ന് പറയരുത്. – അഖില്‍ മാരാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: