Kerala

ഓൺലൈൻ പശുവിൽപ്പന; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ, യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

Published by

കണ്ണൂര്‍: വിലക്കുറവില്‍ പശുക്കളെ വില്പന നടത്തുന്നുണ്ടെന്ന് സാമൂഹികമാധ്യമത്തില്‍ വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത മട്ടന്നൂര്‍ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. പണം അയച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പശുക്കള്‍ എത്താതായതോടെയാണ് തട്ടിപ്പിനിരയായ വിവരം യുവാവ് അറിഞ്ഞത്.

വലിയ വിലക്കുറവില്‍ പശുക്കളെ വില്പന നടത്തുന്നുണ്ടെന്ന് സാമൂഹികമാധ്യമത്തില്‍ വീഡിയോ പരസ്യം കണ്ടാണ്, വീഡിയോയില്‍ പ്രദര്‍ശിപ്പിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടത്. ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി വിശ്വസിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവാവ് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും പണം അയച്ചുകൊടുത്തു.

പിന്നീട് പശുക്കളെ വാഹനത്തില്‍ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും വാട്‌സാപ്പ് വഴി യുവാവിന് അയച്ചുകൊടുത്തു. ഏറെ നാൾ കഴിഞ്ഞും ഡെലിവെറി ലഭിക്കാതായപ്പോൾ ഫോൺ വഴി ബന്ധപ്പട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതതിനെ തുടർന്നാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. തുടര്‍ന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 ൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by