കോട്ടയം:ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ്് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
28 ദിവസത്തിന് ശേഷമാണ് നോബി ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. നോബി തന്നെയാണ് കേസിലെ പ്രതിയെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു. നോബിക്ക് ജാമ്യം ലഭിച്ചത് കൊണ്ട് കേസ് തീരില്ലെന്നും അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിക്കാതെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദമുയര്‍ത്തി.
നോബി ലൂക്കോസ് ഷൈനിയെ പിന്തുടര്‍ന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍, കേസില്‍ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ പ്രതി ഭാഗത്തിന്റെ വാദം.
കഴിഞ്ഞ ഫെബ്രുവരി 28നാണ് പാറോലിക്കല്‍ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. തലേദിവസം നോബി ഷൈനിയെ ഫോണില്‍ വിളിച്ച് സമ്മര്‍ദ്ദത്തിലാക്കിയതാണ് കൂട്ട ആത്മഹത്യയിലേയ്‌ക്ക് നയിച്ചത് എന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ‘നീ നിന്റെ രണ്ട് മക്കളെയും വച്ചുകൊണ്ട് അവിടെതന്നെ ഇരുന്നോ. ഇനി ഞാന്‍ നാട്ടിലേയ്‌ക്ക് വരണമെങ്കില്‍ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തൂടേ’ എന്നാണ് നോബി ഷൈനിയോട് പറഞ്ഞത്. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്. വിവാഹമോചനം നല്‍കില്ലെന്നും കുട്ടികള്‍ക്ക് ചെലവിന് പണം തരില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. കൂടാതെ അച്ഛന്റെ ചികിത്സയ്‌ക്കായി എടുത്ത വായ്പയില്‍ നിന്നും നോബി കൈയൊഴിഞ്ഞു. ഇതോടെ ഷൈനി പ്രതിസന്ധിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: