ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി ഇസ്ലാംമതത്തിനെതിരല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ നിരവധി ക്രൈസ്തവ സംഘടനകള്‍ ബില്ലിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവേ അമിത് ഷാ പറഞ്ഞു.
ആരുടേയും ഭൂമി വഖഫ് ആണെന്ന് പറഞ്ഞ് ഇനി കണ്ടുകെട്ടാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് പ്രതിപക്ഷം സഭയില്‍ ഇത്തരത്തില്‍ ബില്ലിനെതിരായ നിലപാട് സ്വീകരിക്കുന്നത്. മുസ്ലിംകളുടെ അവകാശം കവരുന്നുവെന്ന് ചിലര്‍ വ്യാജപ്രചാരണം നടത്തുകയാണ്. ഒരാള്‍ വഖഫ് ആയി നല്കിയ വസ്തു ശരിയായി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുക മാത്രമാണ് വഖഫ് ബോര്‍ഡിന്റെ ചുമതല. വഖഫ് ചെയ്യേണ്ടത് മുസ്ലിം ആണെന്നാണ് മതം പറയുന്നത്. അതു തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമത്തിലുമുള്ളത്. അതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. മുസ്ലിംകള് അല്ലാത്തവരും വഖഫ് നല്‍കണമെന്നാണോ പ്രതിപക്ഷം പറയുന്നത്. വഖഫ് ബോര്‍ഡിന്റെ ചുമതല വഖഫ് വസ്തുവകകളുടെ സംരക്ഷണം മാത്രമാണ്. തമിഴ്നാട്ടില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രഭൂമി പോലും വഖഫ് ആണെന്ന് പ്രഖ്യാപിച്ചിരിക്കുന്നതായും അമിത് ഷാ പറഞ്ഞു.
സിഎഎ നടപ്പാക്കിയപ്പോള്‍ രാജ്യത്തെ മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുത്തുമെന്ന് കള്ളം പറഞ്ഞവരാണ് പ്രതിപക്ഷം. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എത്ര മുസ്ലിംകള്ക്ക് പൗരത്വം നഷ്ടമായെന്ന് പ്രതിപക്ഷം രാജ്യത്തോട് വെളിപ്പെടുത്തണം. ഞങ്ങളല്ല, പ്രതിപക്ഷമാണ് രാജ്യത്തെ മുസ്ലിംകളെ ഭയപ്പെടുത്തുന്നത്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: