മുംബൈ : ഇന്ത്യൻ നാവികസേനയുടെ ദൗത്യത്തിനായി വിന്യസിച്ചിരിക്കുന്ന പടക്കപ്പലായ ഐഎൻഎസ് തർക്കാഷ് 2386 കിലോഗ്രാം ഹാഷിഷും 121 കിലോഗ്രാം ഹെറോയിനും ഉൾപ്പെടെ 2500 കിലോഗ്രാമിന്റെ മയക്കുമരുന്ന് വഹിച്ചിരുന്ന ബോട്ട് പിടികൂടി. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് നിന്നാണ് ഈ മയക്കുമരുന്ന് കടത്തിയിരുന്ന ബോട്ട് പിടികൂടിയത്.
സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് പിടിച്ചെടുക്കലുകളിൽ ഒന്നാണിത്. പട്രോളിങ്ങിനിടെ ഇന്ത്യൻ നാവികസേനയുടെ P8I വിമാനങ്ങളിൽ നിന്ന് ഐഎൻഎസ് തർക്കാഷിന് മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളെ സംബന്ധിച്ച് നിരവധി രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ ലഭിച്ചു. ഈ ബോട്ടുകൾ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി.
തുടർന്ന് ഈ ബോട്ടുകളെ തടയുന്നതിനായി ഐഎൻഎസ് തർക്കാഷ് മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിലൂടെ പൊയ്‌ക്കൊണ്ടിരുന്ന സംശയാസ്പദമായ എല്ലാ കപ്പലുകളെയും ബോട്ടുകളെയും പടക്കപ്പലിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൂടാതെ ബോട്ടുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പ്രദേശത്ത് പ്രവർത്തിക്കുന്ന മറ്റ് അത്തരം കപ്പലുകളെ തിരിച്ചറിയുന്നതിനുമായി കപ്പൽ അതിന്റെ അവിഭാജ്യ ഹെലികോപ്റ്റർ സംഘത്തെയും വിക്ഷേപിച്ചു.
ഈ റെയ്ഡുകൾ നടത്തുന്നതിനിടയിലാണ് മറൈൻ കമാൻഡോകൾ സംശയാസ്പദമായ ബോട്ടിൽ കയറി പരിശോധന നടത്തിയത്. റെയ്ഡുകളിൽ വിവിധ സീൽ ചെയ്ത പാക്കറ്റുകൾ കണ്ടെത്തി. ബോട്ടിലെ വിവിധ കാർഗോ ഹോൾഡുകളിലും കമ്പാർട്ടുമെന്റുകളിലുമായി സൂക്ഷിച്ചിരുന്ന 2,500 കിലോഗ്രാമിലധികം മയക്കുമരുന്ന് വസ്തുക്കൾ പരിശോധനയിലും ചോദ്യം ചെയ്യലിലും കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: