വഖഫ് നിയമഭേദഗതി ബില്‍ ഇന്നു പാര്‍ലമെന്റില്‍ വരികയാണല്ലോ. ബില്ലിനെതിരെ സംസാരിക്കുന്നവര്‍ ഉയര്‍ത്തുന്നതു പ്രധാനമായും 4 ചോദ്യങ്ങളാണ്.
1. ഹിന്ദു ദേവസ്വം ബോര്‍ഡുകളിലും ക്രിസ്ത്യന്‍ പള്ളി കമ്മിറ്റികളിലും മറ്റു മതസ്ഥരെ ഉള്‍പ്പെടുത്താത്തപ്പോള്‍ വഖഫ് ബോര്‍ഡില്‍ എന്തിനാണ് അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തുന്നത് ?
2. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച തര്‍ക്കം വഖഫ് ബോര്‍ഡിന്റെ ട്രിബ്യൂണലിന് പരിഹരിക്കാം എന്നിരിക്കെ ജില്ലാ കളക്ടറെ ആ അധികാരം ഏല്‍പ്പിക്കുന്നത് മതേതരത്വത്തിലുള്ള കൈകടത്തല്‍ അല്ലേ ?
3. വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളുടെ ഓഡിറ്റിങ് മുത്തവല്ലിക്കു തന്നെ ചെയ്യാന്‍ സാധിക്കും എന്നിരിക്കെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ഓഡിറ്റിങ് നടത്തുന്നത് മതന്യൂനപക്ഷങ്ങളുടെ അവകാശത്തില്‍ കൈകടത്തല്‍ അല്ലേ ?
4. ഒരു മതേതര രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടെ മത നിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ടായിരിക്കെ മുസ്ലീങ്ങളുടെ മതനിയമമായ വഖഫ് സംവിധാനത്തില്‍ സര്‍ക്കാരും അമുസ്ലീങ്ങളും കൈകടത്തുന്നത് മൗലികാവകാശത്തിന്റെ ധ്വംസനം അല്ലേ?
ഒന്നാമത്തെ ചോദ്യത്തില്‍ നിന്നു തുടങ്ങാം. വഖഫ് ബോര്‍ഡ് എന്നത് ഇസ്ലാം മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളെയോ വിശ്വാസപ്രമാണങ്ങളെയോ പള്ളികളില്‍ നടത്തുന്ന ആരാധനകളുടെയോ പെരുന്നാളുകളുടെയോ മേല്‍ ഭരണം നടത്തുന്ന സംവിധാനമല്ല. അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഓരോ മുസ്ലിം പള്ളിയുടെയും മഹല്ല് കമ്മിറ്റികള്‍ ആണ്. ചാരിറ്റബിള്‍ ലക്ഷ്യത്തോടുകൂടി നീക്കിവെച്ചിരിക്കുന്ന ( അതായത് ദാനം ചെയ്യപ്പെട്ടിരിക്കുന്ന ) സ്വത്തുവകകളുടെ പരിപാലനം മാത്രമാണ് വഖഫ് ബോര്‍ഡുകളുടെ ചുമതല.
അതുകൊണ്ടുതന്നെ ഈ വഖഫ് ബോര്‍ഡിനെ ദേവസം ബോര്‍ഡുമായോ ഗുരുദ്വാര പ്രബന്ധക്ക് കമ്മിറ്റികളുമായോ ക്രിസ്ത്യന്‍ പള്ളി കമ്മിറ്റികളുമായോ താരതമ്യം ചെയ്യുന്നത് ശരിയല്ല.
വഖഫ് ബോര്‍ഡ് കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന പക്ഷം വഖഫ് ട്രിബ്യൂണല്‍ തര്‍ക്കം തീര്‍ക്കുന്നതിനു പകരം ജില്ലാ കളക്ടര്‍ക്ക് കൂടി അതില്‍ അധികാരം നല്‍കുന്നത് സര്‍ക്കാരിന്റെ ഭരണപരമായ ഔദ്യോഗിക അംഗീകാരം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. കാരണം വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളില്‍ ഇതര മതസ്ഥരും സര്‍ക്കാരുമായും ഉള്ള തര്‍ക്കങ്ങള്‍ വളരെ ഏറെ ഉണ്ട്.
നിയമാനുസൃതമായ പരിഹാരം ഉണ്ടായാല്‍ മാത്രമേ ആ വിഷയം ശാശ്വതമായി പരിഹരിച്ചു എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഇസ്ലാം ഒഴികെ ബാക്കി എല്ലാ മതത്തില്‍ പെട്ടവരും ഇത്തരം കാര്യങ്ങള്‍ക്ക് രാജ്യത്തിന്റെ കോടതികളെയും നിയമങ്ങളെയും ഭരണസംവിധാനങ്ങളെയുമാണ് ആശ്രയിക്കാറ്.
വഖഫ് സ്വത്തുക്കളുടെ ഓഡിറ്റിങ് വളരെ വലിയ ഒരു ഓഡിറ്റിങ് ആണ്. ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപയുടെ ആസ്തി ഉള്ള വഖഫ് സ്വത്തുക്കള്‍ 9 ലക്ഷത്തി നാല്‍പതിനായിരം ഏക്കര്‍ ഭൂമിയില്‍ രാജ്യമെമ്പാടും പരന്നു കിടക്കുന്ന വലിയ സമ്പത്ത് ആണ്. ഇത് ലോകരാജ്യങ്ങളില്‍ ഏറ്റവും വലിയ വഖഫ് സ്വത്താണ്. ഈ സ്വത്തുക്കള്‍ ഏറിയ കൂറും ദുര്‍വിനിയോഗം ചെയ്യുകയും വന്‍തോതില്‍ സമ്പത്ത് കൊള്ളയടിക്കുകയും ആണ് ചെയ്യുന്നത് എന്ന് മുസ്ലിങ്ങള്‍ക്ക് തന്നെ പരാതികള്‍ ഉണ്ട്. നിര്‍ധനരും നിലാരലംബരുമായ മുസ്ലിം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ വേണ്ടി വഖഫ് ചെയ്ത ഭൂമിയും മറ്റ് സ്വത്തുവകകളും സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് മുത്തവല്ലിമാര്‍ ഉപയോഗിക്കുന്നത് എന്ന് കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇതര മതത്തില്‍ ഉള്ളതുപോലെ തന്നെ വരവ് ചെലവ് കണക്കുകളുടെയും ആസ്തികളുടെയും ഓഡിറ്റിങ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ തന്നെ നടത്തണമെന്നാണ് വഖഫ് നിയമത്തില്‍ വരുത്താന്‍ പോകുന്ന തിരുത്തല്‍.
വഖഫ് ബോര്‍ഡ് ചാരിറ്റി ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതുകൊണ്ടും , വഖഫ് ബോര്‍ഡിന്റെ കയ്യില്‍ മറ്റു മതസ്ഥരുടെ ധാരാളം തര്‍ക്കത്തില്‍ പെട്ടതായ വസ്തുവകകള്‍ ഉള്ളതിനാലും, ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം ഉണ്ടാക്കുന്നതിന് സ്ഥലത്തെ ജനപ്രതിനിധികളുടെ സാന്നിധ്യം അനിവാര്യമാണ്. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറും ഈ സമിതികളില്‍ ഉണ്ടാവണം എന്ന് സര്‍ക്കാര്‍ വിചാരിക്കുന്നു. മുസ്ലീം പള്ളിയുടെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്ന മഹല്ല് കമ്മിറ്റികളിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതര മതസ്ഥരും ജനപ്രതിനിധികളും അംഗമാകുന്നത് എന്ന് വന്നാല്‍ മാത്രമേ മതകാര്യങ്ങളിലുള്ള ഇടപെടലായി മാറുന്നുള്ളൂ.
വഖഫ് എന്നാല്‍ അല്ലാഹുവിന് സമര്‍പ്പിക്കപ്പെട്ടത് എന്നാണ് അര്‍ത്ഥം.1995ല്‍ നരസിംഹറാവുവിന്റെ ഭരണകാലത്താണ് നാല്‍പ്പതാം വകുപ്പ് പ്രകാരം ഒരു ഭൂമി വഖഫ് ആണോ എന്ന് തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോര്‍ഡിന് മാത്രമാണ് എന്ന് ആക്കിയത്. അങ്ങനെ ശരിയത്ത് നിയമം ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. 2013ലെ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്തെ ഭേദഗതി വഴി വഖഫ് എന്നാല്‍ ഇസ്ലാം മതം പിന്തുടരുന്ന വ്യക്തി നല്‍കുന്ന വസ്തു / ഭൂമി എന്നത് ഏതൊരു വ്യക്തിയും നല്‍കുന്ന വസ്തു /ഭൂമി എന്ന് ആക്കി. ഈ ഭേദഗതി, അമുസ്ലീങ്ങളുടെ സ്വത്ത്, ഭൂമി എന്നിവ സ്വന്തമാക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരം നല്‍കി.
രാജ്യത്താകെ 32 വഖഫ് ബോര്‍ഡുകളില്‍ 200 പേര്‍ ഭരണം നടത്തുന്നു. 40,951 കേസുകള്‍ ഇപ്പോള്‍ വക്കഫ് ബോര്‍ഡിന് എതിരായി ഉണ്ട്. ഇതില്‍ ഭൂരിപക്ഷം സ്വത്തുക്കളും മുസ്ലീങ്ങള്‍ തന്നെയാണ് തട്ടിയെടുത്തിരിക്കുന്നത്. 1995 ലും 2013ലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ‘വഖഫ് നിയമത്തില്‍ വരുത്തിയ തെറ്റായ ഭേദഗതികള്‍ വഖഫ് ന് തന്നെ വിരുദ്ധമായതിനാലാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവരേണ്ടി വരുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് വച്ച കമ്മിറ്റികള്‍ പാര്‍ലമെന്റിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 1976 ലെ വഖഫ് എന്‍ക്വയറി റിപ്പോര്‍ട്ട് പറയുന്നത് നോക്കൂ –
1- വഖഫ് ബോര്‍ഡ് ചില വ്യക്തികളുടെ മാത്രം നിയന്ത്രണത്തില്‍ ആയിരിക്കുന്നു. അത് മോചിപ്പിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കണം. 2- മുസ്ലീങ്ങളിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ ബോര്‍ഡില്‍ വിവിധ മുസ്ലിം വിഭാഗങ്ങളെ ഉള്‍പ്പെടുത്തണം. 3- വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ക്കും ഭൂമിക്കും ശരിയായ കണക്കുകളോ ഓഡിറ്റിങ്ങോ ഇല്ല. സര്‍ക്കാര്‍ ഇടപെട്ട് ശരിയായ ഓഡിറ്റിങ്ങും കണക്കും ഉണ്ടാക്കണം. 4- കുട്ടികളുടെയും സ്ത്രീകളുടെയും പാവങ്ങളുടെയും ഉന്നമനം ആണ് വഖഫിന്റെ ലക്ഷ്യം. ഇപ്പോള്‍ അത് നടപ്പാക്കാന്‍ ആവുന്നില്ല. അതിനുള്ള നടപടികള്‍ വേണം.
വഖഫ് ഭൂമിയുടെ ഉപയോഗത്തെ സംബന്ധിച്ച് കൃത്യമായ നിര്‍വചനം നിലവിലുണ്ട്. , അനാഥാലയം , വിദ്യാലയം, ദേവാലയം. എന്നിവയുടെ നിര്‍മ്മാണം,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് മാത്രമേ വഖഫ് ചെയ്ത ഭൂമി ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട് . വഖഫ് ഭൂമി ഒരു കാരണവശാലും കൊമേഷ്യല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയും ഇത് പറഞ്ഞിട്ടുണ്ട് കോണ്‍ഗ്രസ് നേതാവ് റഹ്മാന്‍ഖാന്‍ ന്യൂനപക്ഷമന്ത്രിയായിരിക്കെ ( 20122014 ) കോണ്‍ഗ്രസ് സര്‍ക്കാര്‍ വച്ച ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയാണ് ഇത് എടുത്തു പറഞ്ഞിട്ടുള്ളത്. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യമല്ല എന്നും അതിന്റെ ഘടന ശരിയല്ല എന്നും ഈ രീതിയില്‍ പോയാല്‍ വഖഫിന്റെ ഉദ്ദേശം തന്നെ നടക്കില്ല എന്നും അതേ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിലാണ് പറഞ്ഞിരിക്കുന്നത്. ഭൂമിക്കും വസ്തുവകകള്‍ക്കും കൃത്യമായ കണക്കുകളോ രേഖയോ ഇല്ല എന്നും ആയതിനാല്‍ അവയെല്ലാം ഡിജിറ്റലൈസ് ചെയ്ത് റെക്കോര്‍ഡ് ആക്കി സൂക്ഷിക്കണമെന്നും കോണ്‍ഗ്രസ് മന്ത്രിയായ റഹ്മാന്‍ഖാന്‍ ചെയര്‍മാനായ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി കോണ്‍ഗ്രസ്സ് ഭരണകാലത്തുതന്നെ നിര്‍ദ്ദേശിച്ചിരുന്നതാണ്. എല്ലാ ഭൂമിയും ഒന്നു കൂടി സര്‍വ്വേ ചെയ്ത് കൃത്യത വരുത്തണമെന്നും നിയമവിദഗ്ധരെയും ഉദ്യോഗസ്ഥരെയും അതില്‍ അംഗങ്ങള്‍ ആക്കണമെന്നും ജോയിന്‍ പാര്‍ലമെന്റ് കമ്മിറ്റി അന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.
ആദ്യകാലത്ത് കോണ്‍ഗ്രസ് വഖഫ് നിയമങ്ങള്‍ ഉണ്ടാക്കുന്നതിനു മുന്‍പ് സംസ്ഥാനങ്ങളുമായോ,പണ്ഡിതന്മാരുമായോ, മത അധ്യക്ഷന്മാരുമായോ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷമായി നിരന്തരമായി എല്ലാ സംസ്ഥാനങ്ങളോടും പണ്ഡിതന്മാരോടും മത അധ്യക്ഷന്മാരോടും ചര്‍ച്ചകള്‍ നടത്തിവരികയാണ് അവരുടെ നിര്‍ദ്ദേശങ്ങളും കൂടി ചേര്‍ത്തതാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ബില്ല്. വഖഫ് സംബന്ധിച്ചുള്ള എല്ലാ തര്‍ക്കങ്ങളും ഇപ്പോള്‍ പരിഹാരത്തിനു വേണ്ടി സമീപിക്കുന്നത് വഖഫ് ട്രിബ്യൂണലിനെയാണ് ‘ പക്ഷേ അവര്‍ അത് പരിഹരിക്കാതെ പതിറ്റാണ്ടുകളോളും തള്ളി നീക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ കാരണം 1995ല്‍ കൊണ്ടുവന്ന ഭേദഗതിയാണ്. വഖഫ് എന്നത് കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവില്ല എന്നും അത് വഖഫ് ട്രിബ്യൂണലില്‍ മാത്രമായിരിക്കണമെന്നും 1995ല്‍ കോണ്‍ഗ്രസ് ഭേദഗതി കൊണ്ടുവന്നു. അങ്ങനെ കോടതികള്‍ക്ക് മുകളില്‍ ഒരു ശരിയത്ത് സ്ഥാപനം നിലവില്‍ വന്നു. അതല്ലേ ഏറ്റവും വലിയ ഭരണഘടനാ ലംഘനം ?
കോണ്‍ഗ്രസ് കൊണ്ടുവന്ന രണ്ട് ഭേദഗതികളും അപകടകരമായ നിയമങ്ങള്‍ ആണ് . ഏതൊരാള്‍ക്കും ഏതു കാലത്തും വഖഫ് ചെയ്യാമെന്നും അതിന് ടൈം ലിമിറ്റ് ഇല്ല എന്നും എത്ര ആയിരം വര്‍ഷം മുമ്പാണെങ്കിലും യാതൊരു രേഖയും തെളിവുമില്ലാതെ വക്കഫിന് അവകാശം പറയാം എന്നും ഒരിക്കല്‍ വഖഫ് അവകാശവാദം ഉന്നയിച്ചാല്‍ ആ ഭൂമി കൈവശം വച്ചിരിക്കുന്ന നിയമാനുസൃത ഉടമസ്ഥന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്നും അക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് വഖഫിന്റെ ട്രിബൂണല്‍ മാത്രമാണ് എന്നും കോണ്‍ഗ്രസ് 1995ലും 2013ലും തിരുത്തല്‍ കൊണ്ടുവന്നു.
ഏറെ രസകരവും അതേസമയം അപകടകരവുമായ മറ്റൊരു ഭേദഗതി 2013ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്നു. മുസ്ലിം അല്ലാത്ത ഏതൊരാള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ഏത് ഭൂമിയും വക്കഫിന് കൊടുക്കാം.ഇപ്രകാരമാണ് ക്രിസ്ത്യന്‍ വീടുകളും, ഹിന്ദു ക്ഷേത്രങ്ങളും ഗ്രാമങ്ങളും ഒക്കെ ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത് ശരിയാണ് എന്നാണോ കോണ്‍ഗ്രസും പ്രതിപക്ഷവും പറയുന്നത്?
കോണ്‍ഗ്രസ് കൊണ്ടുവന്ന മറ്റൊരു ഭേദഗതി റവന്യൂ ഭൂമിയില്‍ കളക്ടര്‍ക്ക് അധികാരമില്ല എന്നുള്ളതാണ് . ഭൂമിയുടെ കാര്യത്തില്‍ അളവ് വേണ്ടി വരികയും തര്‍ക്കം ഉടലെടുക്കുകയോ ചെയ്താല്‍ അക്കാര്യത്തില്‍ കളക്ടര്‍ ഇടപെടാന്‍ പാടില്ല, മറിച്ച് വഖഫ് ട്രിബൂണലാണ് തീര്‍പ്പു കല്‍പ്പിക്കേണ്ടത്. എന്നു പറഞ്ഞാല്‍, ഭരണഘടനാപരമായ അധികാരം പ്രയോഗിക്കേണ്ട കളക്ടര്‍ക്കും മേലെ വഖഫ് സ്ഥാപനം അധികാരത്തില്‍ വന്നിരിക്കുന്നു എന്നല്ലേ ?
ഏറ്റവും സുപ്രധാനമായ ഭേദഗതി ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത് ടൈം ലൈന്‍ ആണ്. തര്‍ക്കം ഉടലെടുത്താല്‍ 90 ദിവസത്തിനകം പരാതി സമര്‍പ്പിക്കണം. പരാതി കിട്ടിയാല്‍ ആറുമാസത്തിനകം വിധി പ്രഖ്യാപിച്ചിരിക്കണം എന്നുള്ളതാണ് പുതിയ ഭേദഗതി.
ഭരണഘടനാപരമായി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതം എന്ന രാജ്യത്ത് കൃത്യമായ ഭരണഘടനയും കോടതികളും പാര്‍ലമെന്റും നിലവിലിരിക്കെ അതിനെല്ലാം മുകളില്‍ ശരിയത്ത് നിയമങ്ങള്‍ കടന്നുവന്ന് ആധിപത്യം സ്ഥാപിക്കുന്നത് ഏത് രീതിയിലാണ് ന്യായീകരിക്കാന്‍ സാധിക്കുക ?
മുനമ്പത്ത് ഭൂമി നഷ്ടപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ശേഷം , നേരേ നിയമസഭയില്‍ ചെന്ന് വഖഫ് നിയമഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ട് കോഴിക്കോട് എത്തി വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുന്ന കേരളത്തിലെ നേതാക്കള്‍ ആര്‍ക്കൊപ്പമാണ് എന്ന് വ്യക്തമല്ലേ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: