മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ ഈ നിയമനിര്‍മാണത്തെ എതിര്‍ത്തുപോന്ന പല കക്ഷികളും വെട്ടിലായിരിക്കുകയാണ്. ബില്ലിനെ കേരളത്തില്‍ നിന്നുള്ള എംപിമാരെല്ലാവരും പിന്തുണയ്‌ക്കണമെന്ന് കേരള കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സും ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള വഖഫ് നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടനയ്‌ക്കും മതേതരത്വത്തിനും വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട കെസിബിസി, മുനമ്പത്ത് 600 ലേറെ കുടുംബങ്ങളുടെ പരമ്പരാഗത സ്വത്ത് വഖഫ് കയ്യേറ്റത്തില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ഇങ്ങനെയൊരു നിയമം ആവശ്യമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.ബില്ലിനെ എതിര്‍ക്കരുതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളോട് സിബിസിഐ ആവശ്യപ്പെട്ടിരിക്കുന്നതാണ് പ്രതിപക്ഷത്തെ വെട്ടിലാക്കിയിരിക്കുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ച ഭേദഗതികള്‍ക്കൊപ്പം ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനും എട്ടുമണിക്കൂര്‍ ചര്‍ച്ചയ്‌ക്കുമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ ബില്ലിനെ എതിര്‍ത്തു പോന്ന കോണ്‍ഗ്രസ് സ്വന്തം എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരിക്കുകയാണ്. നിയമ ഭേദഗതി തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഇന്ന് ചേരുന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കും എന്നാണ് വാര്‍ത്തകള്‍. സഭ ബഹിഷ്‌കരിച്ച് മുഖം രക്ഷിക്കാനുള്ള തീരുമാനമായിരിക്കും കോണ്‍ഗ്രസ് എടുക്കുകയെന്ന് കരുതാം.
ഇസ്ലാമിക മതമൗലികവാദികള്‍ക്കൊപ്പം നിന്ന് വഖഫ് ഭേദഗതി നിയമത്തെ എതിര്‍ത്തുകൊണ്ടിരുന്ന സിപിഎമ്മും പുതിയൊരു തന്ത്രം പുറത്തെടുത്തിരിക്കുന്നു. മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ളതിനാല്‍ നാലുദിവസം പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് അവധിയെടുക്കുന്ന തന്ത്രമാണിത്. ഇക്കാര്യം കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. മുനമ്പം ഭൂമി തക്കത്തില്‍ ഉള്‍പ്പെടെ അനീതിയുടെ പക്ഷത്തുനിന്ന് വഖഫ് ഭേദഗതി നിയമത്തെ എതിര്‍ത്തുകൊണ്ടിരുന്ന സിപിഎം ക്രൈസ്തവ-ഹൈന്ദവ സമുദായങ്ങളെ കബളിപ്പിക്കാന്‍ എടുത്തിരിക്കുന്ന പുതിയൊരു അടവുനയമാണിത്. പതിറ്റാണ്ടുകളായി ഉടമസ്ഥാവകാശമുള്ള മുനമ്പത്തുകാരുടെ സ്വത്തില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചപ്പോള്‍ പ്രശ്‌നത്തില്‍ നീതിപൂര്‍വമായ തീരുമാനം കൈക്കൊള്ളുന്നതിനു പകരം ഏകാംഗ കമ്മീഷനെവച്ച് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാനും, ഇരകളെ കബളിപ്പിക്കാനുമാണ് സിപിഎമ്മും പിണറായി സര്‍ക്കാരും ശ്രമിച്ചത്. നിയമവിരുദ്ധമായി കമ്മീഷനെ നിയമിച്ചത് കോടതി റദ്ദാക്കുകയും ചെയ്തു. ഇതുപോലൊരു കബളിപ്പിക്കല്‍ നയമാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരു പറഞ്ഞ് പാര്‍ലമെന്റിലെ വഖഫ് നിയമ ഭേദഗതി ചര്‍ച്ചയില്‍ നിന്ന് സിപിഎം തന്ത്രപൂര്‍വം തലയൂരിയിരിക്കുന്നത്. ഈ കള്ളത്തരം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തിരിച്ചറിയാം. കേരളത്തിന്റെ സവിശേഷമായ സാമുദായിക രാഷ്‌ട്രീയത്തില്‍ മറ്റുള്ളവരെ അവഗണിച്ചും വഞ്ചിച്ചും മുസ്ലിം വോട്ടു ബാങ്കിനൊപ്പം നിന്ന് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനുള്ള വ്യഗ്രതയാണ് വഖഫ് കയ്യേറ്റ പ്രശ്‌നത്തിലും സിപിഎമ്മും പിണറായി സര്‍ക്കാരും കാണിക്കുന്നത്.
യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗും കോണ്‍ഗ്രസിനെ പോലെ നിയമഭേദഗതിക്ക് എതിരാണ്. എന്നാല്‍ വഖഫ് ബോര്‍ഡ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മുനമ്പം പ്രശ്‌നത്തില്‍ സമവായം വേണമെന്ന നിര്‍ദ്ദേശവുമായി ലീഗ് രംഗത്തു വരികയുണ്ടായി. ഇക്കാര്യത്തില്‍ സിപിഎമ്മും ലീഗും തമ്മില്‍ ഒരു അന്തര്‍ധാര രൂപപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റിലെ വഖഫ് നിയമഭേദഗതിയെ പിന്തുണയ്‌ക്കണമെന്ന് കെസിബിസിയും സിബിസിഐയും ആവശ്യപ്പെട്ടതോടെ സമവായത്തിന്റെ മുഖംമൂടിയുമായി ലീഗ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ക്രൈസ്തവ സഘടനകളുമായി ലീഗിന് നല്ല ബന്ധമാണെന്നും, ചര്‍ച്ച നടത്തുമെന്നുമാണ് ലീഗ് എംപിയായ ഹാരിസ് ബീരാന്‍ പറയുന്നത്. വഖഫ് നിയമഭേദഗതി പാര്‍ലമെന്റില്‍ പാസായാലും മുനമ്പം പ്രശ്‌നം പരിഹരിക്കില്ലത്രേ. പാര്‍ലമെന്റ് പാസാക്കുന്ന നിയമം രാജ്യത്തെ എല്ലാവര്‍ക്കും ബാധകമാണ്. അത് അനുസരിക്കില്ലെന്നാണോ ലീഗ് നേതാവ് പറയുന്നത്? ലൗ ജിഹാദ് പ്രശ്‌നത്തിലടക്കം മുസ്ലിം മതമൗലികവാദികളുടെയും തീവ്രവാദികളുടെയും വക്കാലത്തുകാരനായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ബീരാനില്‍ നിന്ന് മറിച്ചൊരു നിലപാട് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ലീഗിന്റെ ഈ കെണിയില്‍ ആരും വീഴുമെന്ന് തോന്നുന്നില്ല.
നിലവിലെ വഖഫ് നിയമം കോണ്‍ഗ്രസ് ഭരണകാലത്ത് പാസാക്കിയതാണ്. ഈ നിയമത്തിലെ നാല്‍പതാം അനുച്ഛേദം അനുസരിച്ച് ഏതെങ്കിലും സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോര്‍ഡ് കരുതിയാല്‍ അതിനെ മറികടക്കാന്‍ കഴിയില്ല. പരാതിയുള്ളവര്‍ സമീപിക്കേണ്ടത് കോടതിയെ അല്ല, വഖഫ് ബോര്‍ഡിനേയും ട്രിബൂണലിനേയുമാണ്. ഈ സമിതികളുടെ തീരുമാനം എന്തായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെയുള്ള കരിനിയമം ഉപയോഗിച്ച് വഖഫ് ബോര്‍ഡ് രാജ്യത്ത് കയ്യടക്കിവച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി വീണ്ടെടുക്കുന്നതിനും, പുതിയ കയ്യേറ്റങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമാണ് നിയമത്തില്‍ ബിജെപി സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ഇതിനെ പിന്തുണയ്‌ക്കാനുള്ള ബാധ്യത മതേതരത്വത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: