ന്യൂദല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കേ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയില്‍. വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ബില്ലിനെ അനുകൂലിക്കുകയും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്നു കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്, കോണ്‍ഗ്രസ്.
ബില്ലിനെ അനുകൂലിച്ചാല്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെയും ഒരു മത വിഭാഗത്തിന്റെയും അപ്രീതിക്കു കാരണമാകുമെന്നാണ് അവര്‍ കരുതുന്നത്. ബില്ലിനെ എതിര്‍ത്താല്‍ ക്രിസ്ത്യന്‍ സംഘടനകളുടെയടക്കം രൂക്ഷമായ എതിര്‍പ്പുണ്ടാകും.
മുനമ്പത്തെ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമായി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപിമാരും ബില്ലിനെ പിന്തുണയ്‌ക്കണമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ്, ചര്‍ച്ച് ഓഫ് ഭാരത് എന്നിവയും ബില്ലിനെ പിന്തുണച്ചു. കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്ര മന്ത്രിമാരും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ നേതാക്കളും ക്രിസ്ത്യന്‍ സംഘടനകളുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
പാര്‍ലമെന്റ് ചര്‍ച്ചകളില്‍ മുസ്ലിംലീഗിനൊപ്പം ബില്ലിനെ എതിര്‍ത്തതാണ് കോണ്‍ഗ്രസ്. സഭയ്‌ക്കകത്തും പുറത്തും പ്രതിഷേധങ്ങളെ പിന്തുണച്ചു, ഭാഗമായി. ജെപിസി യോഗങ്ങള്‍ ബഹളംവച്ചു തടസപ്പെടുത്തി. ജെപിസി അധ്യക്ഷനോട് അപമര്യാദയായി പെരുമാറിയതിനു കോണ്‍ഗ്രസ് അംഗങ്ങള്‍ സസ്പെന്‍ഷനിലായി.
കോണ്‍ഗ്രസ് എംപിമാരുടെ യോഗം ഇന്ന് രാവിലെ 9.30നു പാര്‍ലമെന്റ് അനക്സില്‍ വിളിച്ചിട്ടുണ്ട്. രാഹുലിന്റെ നേതൃത്വത്തിലെ യോഗത്തിലാകും പാര്‍ട്ടി നിലപാട് അറിയിക്കുക. ഇന്ന് മുതല്‍ നാലു വരെയുള്ള പാര്‍ലമെന്റ് സമ്മേളനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു വിപ്പ് നല്കിയിട്ടുണ്ട്.
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണമെന്നതില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് എംപിമാര്‍ക്കു പുറമേ നേതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: