ന്യൂദല്‍ഹി: 1995ലെ വഖഫ് ബില്ലും 2024 ആഗസ്തില്‍ അവതരിപ്പിച്ച് നാളെ ലോക്‌സഭയില്‍ പാസാക്കാനൊരുങ്ങുന്ന പുതിയ ബില്ലും തമ്മിലുള്ള വത്യാസങ്ങള്‍ എന്തൊക്കെയാണ്? പുതിയ ബില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വഖഫ് നിയമത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരും? പരിശോധിക്കാം.
വഖഫ് മാനേജ്‌മെന്റില്‍ മെച്ചപ്പെട്ട ഭരണം, സുതാര്യത, സ്വീകാര്യത എന്നിവ ലക്ഷ്യമിടുന്നതാണ് പുതിയ വഖഫ് ബില്‍. 1995ലെ വഖഫ് നിയമം എന്ന പഴയ നിയമത്തെ ”1995 ലെ ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം” എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
വഖഫ് രൂപീകരണം സംബന്ധിച്ച് പഴയ നിയമത്തില്‍ പ്രഖ്യാപനം, ഉപയോക്താവ് അല്ലെങ്കില്‍ എന്‍ഡോവ്‌മെന്റ് (വഖ്ഫ്-അലാല്‍ ഔലാദ്) എന്നിവ പ്രകാരം അനുവദിച്ചത് ആയിരുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം ഉപയോക്താവിന് വഖഫ് നീക്കം ചെയ്യാം. പ്രഖ്യാപനം അല്ലെങ്കില്‍ എന്‍ഡോവ്‌മെന്റ് ആയി മാത്രമേ വഖഫ് അനുവദിക്കൂ. ദാതാക്കള്‍ 5 വര്‍ഷത്തിലധികമായി മുസ്ലീമായിരിക്കണം, സ്ത്രീകളുടെ അനന്തരാവകാശം നിഷേധിക്കാന്‍ കഴിയില്ല എന്നീ വ്യവസ്ഥകളുണ്ട്.
സര്‍ക്കാര്‍ വസ്തുവകകള്‍ വഖഫ് ആകുന്നത് സംബന്ധിച്ച് പഴയ നിയമത്തില്‍ യാതൊരു വിധ വ്യവസ്ഥകളുമില്ല. എന്നാല്‍ ഭേദഗതി വ്യവസ്ഥകള്‍ പ്രകാരം വഖഫ് ആയി കണക്കാക്കിയിരുന്ന സര്‍ക്കാര്‍ സ്വത്തുക്കള്‍ വഖഫ് ആയി തുടരില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് കളക്ടറാണ്, അദ്ദേഹം സംസ്ഥാനത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ സപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 5,924 സര്‍ക്കാര്‍ വസ്തുവകകളാണ് വഖഫ് ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
വഖഫ് നിര്‍ണ്ണയിക്കാനുള്ള അധികാരം പഴയ നിയമപ്രകാരം വഖഫ് ബോര്‍ഡിനാണ്. എന്നാല്‍ പുതിയ നിയമപ്രകാരം ആ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് പ്രഖ്യാപിച്ചത് വഖഫ് ബോര്‍ഡാണ്. പുതിയ ഭേദഗതി പാസാവുന്നതോടെ അത്തരം അധികാരങ്ങള്‍ വഖഫ് ബോര്‍ഡുകള്‍ക്കില്ലാതാവും. വഖഫ് ആണെന്ന് പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 40 ആണ് പുതിയ ബില്ലില്‍ നീക്കം ചെയ്തിരിക്കുന്നത്.
വഖഫ് സര്‍വ്വേ നടത്തുന്നത് സര്‍വ്വേ കമ്മീഷണര്‍മാരും അഡീഷണല്‍ കമ്മീഷണര്‍മാരും ചേര്‍ന്നാണ്. എന്നാല്‍ പുതിയ നിയമത്തില്‍ സംസ്ഥാനത്തെ റവന്യൂ നിയമപ്രകാരം ജില്ലാ കളക്ടര്‍മാരെയാണ് ഇതിന് അധികാരപ്പെടുത്തുന്നത്.
കേന്ദ്ര വഖഫ് കൗണ്‍സിലിലെ രണ്ട് വനിതാ അംഗങ്ങളടക്കം എല്ലാ അംഗങ്ങളും മുസ്ലിം ആവണമെന്നാണ് പഴയ നിയമത്തിലുള്ളത്. എന്നാല്‍ പുതിയ നിയമത്തില്‍ കേന്ദ്ര വഖഫ് കൗണ്‍സിലില്‍ എംപിമാര്‍, മുന്‍ ജഡ്ജിമാര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്ന വിഭാഗത്തില്‍ നിന്ന് രണ്ടംഗങ്ങളെ ഉള്‍പ്പെടുത്താം. ഇവര്‍ മുസ്ലിം ആവണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മുസ്ലിം സംഘടനയുടെ പ്രതിനിധി, ഇസ്ലാമിക് നിയമ പണ്ഡിതന്‍, വഖഫ് ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ മുസ്ലിം ആവണം എന്ന് നിര്‍ബന്ധമുണ്ട്. മുസ്ലിം അംഗങ്ങളില്‍ രണ്ട് മുസ്ലിം വനിതകളും നിര്‍ബന്ധമാണ്. ആകെ 22 പേര്‍ കൗണ്‍സിലില്‍.
സംസ്ഥാന വഖഫ് കൗണ്‍സിലിലേക്ക് പഴയ നിയമത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് മുസ്ലീം എംപിമാര്‍/എംഎല്‍എമാര്‍/ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍, രണ്ട് വനിതകള്‍ എന്നിവരാണുണ്ടായിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങള്‍( രണ്ടു പേര്‍ മുസ്ലിം ഇതര വിഭാഗക്കാര്‍), ഷിയ, സുന്നി, പിന്നോക്ക മുസ്ലിം, ബോറ, ആഗാഖാനി മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് ഓരോരുത്തര്‍ എന്നിവര്‍ വേണം. കുറഞ്ഞത് രണ്ട് മുസ്ലിം വനിതകളും അടക്കം 11 പേര്‍ വേണം.
ട്രിബ്യൂണല്‍ രൂപീകരണം: പഴയ നിയമത്തില്‍ ജഡ്ജിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും മുസ്ലിം നിയമ വിദഗ്ധനും ഉള്‍പ്പെട്ട ട്രിബ്യൂണല്‍ വേണമെന്നാണ് വ്യവസ്ഥ. പുതിയ നിയമ ഭേദഗതി പ്രകാരം മുസ്ലിം നിയമ വിദഗ്ധനെ ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജ് ചെയര്‍മാനും സംസ്ഥാന സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടതാവും ട്രിബ്യൂണല്‍. ട്രിബ്യൂണലിന്റെ ഉത്തരവിന്മേല്‍ പ്രത്യേക സാഹചര്യത്തില്‍ മാത്രമേ ഹൈക്കോടതി ഇടപെടാവൂ എന്നായിരുന്നു പഴയ വ്യവസ്ഥയെങ്കില്‍ പുതിയ നിയമത്തില്‍ 90 ദിവസത്തിനകം ട്രിബ്യൂണല്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സാധിക്കും.
മുന്‍ നിയമത്തില്‍ വഖഫ് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരുന്നു എങ്കില്‍ പുതിയ നിയമത്തില്‍ വഖഫ് രജിസ്‌ട്രേഷന് അടക്കം വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനാവും. വഖഫ് അക്കൗണ്ടുകളുടെ ഓഡിറ്റ് സിഎജിയോ സിഎജി ചുമതലപ്പെടുത്തിയ ഓഫീസറോ നിര്‍വഹിക്കണം. വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേക വഖഫ് എന്ന വ്യവസ്ഥ അനുസരിച്ച് നേരത്തെ ഷിയയ്‌ക്കും സുന്നിക്കും ബോര്‍ഡുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പാസാവുന്നതോടെ ബോറ, ആഗാഖാനി വഖഫ് ബോര്‍ഡുകളും നിലവില്‍ വരും.
വഖഫ് സ്ഥാപനങ്ങള്‍ ബോര്‍ഡിന് നല്‍കേണ്ട വാര്‍ഷിക സംഭാവന ഏഴു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറയ്‌ക്കും. പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം വരുമാനമുള്ള എല്ലാ വഖഫ് സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഓഡിറ്റിംഗ് നിര്‍ബന്ധമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: