കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ (കെസിബിസി) നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജു. അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,
ഒരു മന്ത്രി എന്ന നിലയിലും ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നു എന്ന
നിലയിലും വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാൻ കേരളത്തിലെ എല്ലാ എംപിമാരോടും കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) അഭ്യർത്ഥിക്കുന്നത് ഞാൻ സ്വാഗതം ചെയ്യുന്നു.
നമ്മുടെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് രാഷ്‌ട്രീയത്തിലുള്ളവരുടെ കടമയാണ്. ഉദാഹരണത്തിന്, കേരളത്തിലെ #മുനമ്പത്ത് നൂറുകണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുകയും അവരുടെ സ്വത്തുക്കളും വീടുകളും സംരക്ഷിക്കുന്നതിന് പരിഹാരം തേടുകയും ചെയ്യുന്നു. അതിനായി അവർ സമര മുഖത്താണ്.
ഈ പ്രവൃത്തി ഒരു സമുദായത്തിനും എതിരല്ല – എന്നാൽ ചിലർ ചിലരുടെ വിഷമനസ്സിലേക്ക് പ്രചരിപ്പിക്കുന്ന കുപ്രചരണമാണിത്. പ്രധാന മന്ത്രി നരേന്ദ്രമോദിജിയും നമ്മുടെ സർക്കാരും ഓരോ ഇന്ത്യൻ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു, ഇനിയും അത് തുടരും.
നിസ്സാര പ്രീണന രാഷ്‌ട്രീയത്തിനായി ജനങ്ങളുടെ താൽപ്പര്യം ബലികഴിക്കാതെ എല്ലാ ജനങ്ങളുടെയും താൽപ്പര്യം മുൻനിർത്തി എല്ലാ കേരളത്തിലെ എംപിമാരും ഈ ബില്ലിനെ പിന്തുണയ്‌ക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. കിരൺ റിജ്ജു പറഞ്ഞു.
അതേസമയം, ബില്ല് പാർലമെന്റിൽ ചർച്ചക്ക് വരുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് കെസിബിസി പ്രസിഡൻ്റ് കൂടിയായ കർദ്ദിനാൾ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെടുന്നത്. വഖഫ് നിയമത്തിലെ ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യണം. മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫറൂഖ് കോളേജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിർ വാദം ഉന്നയിക്കത്തക്കവിധം വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണം’ – കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: