ആറ്റിങ്ങല്‍: വീട്ടിലെ ചെറിയ വളര്‍ത്തു പട്ടി അയല്‍ വാസിയെ കടിച്ചതിന് സിപിഎം നിര്‍ദേശപ്രകാരം ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കള്ളക്കേസെടുത്ത് പോലീസ്. സിപിഎം നിര്‍ദേശപ്രകാരം എസ്‌ഐ ‘ആക്ഷന്‍ ഹീറോ ബിജു’ കളിക്കുന്നതായും ആരോപണം.
ചിറയിന്‍കീഴ് പെരുങ്ങുഴി കുഞ്ചാളം വിളാകം വീട്ടില്‍ സാബു (മണിക്കുട്ടന്‍) വിനെയാണ് ചിറയിന്‍കീഴ് പോലീസ് കള്ളക്കേസില്‍ കുടിക്കിയത്. സാബു ആര്‍എസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖാണ്. സാബുവിന്റെ വീട്ടിലെ ചെറിയ പോമറേനിയന്‍ പട്ടി അയല്‍ വാസിയെ കടിച്ചു. വീടിന് ചുറ്റുമതിലില്ല. പട്ടി അടുത്ത വീട്ടിലെത്തിയപ്പോള്‍ പട്ടിയെ കാലുകൊണ്ട് തൊഴിച്ചതാണ് പട്ടിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പട്ടി കടിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളുമുണ്ട്. എന്നാല്‍ അയല്‍ വാസികള്‍ തമ്മില്‍ മുന്‍ വൈരാഗ്യം ഉള്ളതിനാല്‍ പരാതി കൊടുത്ത് രാഷ്‌ട്രീയ സമ്മര്‍ദ്ദം ചെലുത്തി പോലീസിനെ ദുരുപയോഗം ചെയ്യുകയായിരുന്നു.
പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു എന്നാണ് കേസെടുത്തിരിക്കുന്നത്. രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉള്ളതിനാല്‍ പോലീസ് അന്വേഷണം നടത്താതെ കേസെടുക്കുകയായിരുന്നെന്നും സാബുവിന്റെ ആര്‍എസ്എസ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. പട്ടിയെ തൊഴിക്കുന്നതുകണ്ടതില്‍ കുട്ടികളടക്കമുള്ളവരുണ്ട്. ഇവരില്‍ ആരോടും പോലീസ് അന്വേഷണം നടത്തിയിട്ടുപോലുമില്ല. എസ്‌ഐയുടെ പക്ഷപാതപരമായ നിലപാടിനെതിരെ ഉന്നത പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും സാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: