കൊച്ചി : അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവര്‍ക്കും 38000 രൂപ വീതം പിഴ അടക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ കേസില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി.
കോലഞ്ചേരിയില്‍ ടോറസ് വാഹനം പരിശോധിച്ചപ്പോള്‍ 25 ടണ്‍ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തില്‍ അമിത ഭാരം കണ്ടെത്തിയതിനാല്‍ 23500 രൂപ കോമ്പൗണ്ട് ചെയ്യാന്‍ ഇ ചലാന്‍ നല്‍കി. വാഹന ഉടമയും ഡ്രൈവറും ഫീസ് നല്‍കാന്‍ തയ്യാറല്ലാത്തതിനാല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
വാഹന ഉടമയായ വെങ്ങോല ചേലക്കുളം സ്വദേശി സി എച്ച് മരക്കാര്‍ , ഡ്രൈവര്‍ കളമശ്ശേരി തേവക്കല്‍ സ്വദേശി കെ വി ശ്രീജു എന്നിവര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചതിനാല്‍ കേസ് വിചാരണയിലേക്ക് നീണ്ടു. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കോടതിയില്‍ അഡ്വ സുമി പി ബേബി ഹാജരായി.
കോമ്പൗണ്ടിംഗ് ഫീ അടച്ച് തീര്‍പ്പാക്കാത്ത എല്ലാ കേസുകളും കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സില്‍ അയോഗ്യത കല്‍പ്പിക്കുന്ന നടപടികള്‍, വാഹനത്തിന്റെ പെര്‍മിറ്റില്‍ നടപടി എടുക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ എന്നിവ നടന്നു വരുന്നതായി ആര്‍ടിഒ കെ മനോജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: