ന്യൂദല്‍ഹി: ദേശീയ മുഖ്യധാരാമാധ്യമങ്ങളിലും വാര്‍ത്തകളില്‍ ഇടം പിടിച്ച് എമ്പുരാന് എന്ന മലയാള സിനിമ. സിനിമയില്‍ ഉടനീളമുള്ള ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ചാണ് ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതുവരെ സമൂഹമാധ്യമങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഇന്ത്യാ ടുഡേ ടിവി ചാനല്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരാ ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യാ ടുഡേയുടെ പ്രധാന ആങ്കര്‍മാരായ പൂജാ ശാലിയും പ്രീതി ചൗധരിയുമാണ് അവരുടെ പരിപാടികളില്‍ എമ്പുരാന് ചര്‍ച്ചാവിഷയമാക്കിയത്.
സിനിമയില്‍ മോഹന്‍ലാലിന്റെ സുഹൃത്തായ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം കാണിക്കുമ്പോള്‍ ഗുജറാത്തിലെ ഗോധ്ര കലാപവും കടന്നുവരുന്നു. ഇതില്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. ഈ കഥാപാത്രത്തിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധമുള്ളവരും നിഷ്ഠുരമായി ഗുജറാത്ത് കലാപത്തില്‍ ഹിന്ദുക്കളാല്‍ കൊല ചെയ്യപ്പെട്ടിരുന്നുവെന്നും സൂചനകള്‍ സിനിമയിലുണ്ടെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടയ്ക്ക് ബില്‍കിസ് ഭാനുവിനെക്കുറിച്ചും ചില സൂചനകള്‍ കടന്നുവരുന്നതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ ഷിബിമോള്‍ പറയുന്നു.
പൃഥ്വിരാജ് ആണ് സയ്യിദ് മസൂദ് ആയി പ്രത്യക്ഷപ്പെടുന്നത്. സമൂഹമാധ്യമങ്ങളില്‍ വലിയ തിരിച്ചടി ഈ സിനിമ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: