ന്യൂദല്‍ഹി: ഭൂകമ്പം ദുരന്തം വിതച്ച മ്യാന്മാറിലേക്ക് രണ്ട് യുദ്ധക്കപ്പലുകളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ച് കേന്ദ്രസര്‍ക്കാര്‍. മരുന്നും ആഹാര സാധനങ്ങളുമടക്കം 40 ടണ്‍ സാധനങ്ങളാണ് അയക്കുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ അറിയിച്ചു. മ്യാന്മാറിനെ സഹായിക്കാന്‍ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ ബ്രഹ്മയുടെ ഭാഗമായാണ് നാവിക യുദ്ധക്കപ്പലുകളായ ഐഎന്‍എസ് സത്പുത, ഐഎന്‍എസ് സാവിത്രി എന്നിവ യാങ്കൂണ്‍ തുറമുറത്തേക്ക് തിരിച്ചത്.
ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ ആയിരക്കണക്കിന് പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുകിടക്കുകയാണ്. ഭൂചലനത്തിന്റെ തീവ്രതയും ദുരന്ത വ്യാപ്തിയും കണക്കിലെടുത്ത് മരണസംഖ്യ പതിനായിരം കടന്നേക്കാമെന്നാണ് അന്താരാഷ്‌ട്ര ഏജന്‍സികള്‍ കരുതുന്നത്.
അയല്‍രാജ്യമായ ഇന്ത്യ എല്ലാവിധ സഹായങ്ങളും മ്യാന്മാറിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ ചരക്ക് വിമാനങ്ങളില്‍ 15 ടണ്‍ അടിയന്തര സാമഗ്രികള്‍ ഇതിനകം എത്തിച്ചുകഴിഞ്ഞു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 അംഗ മെഡിക്കല്‍ സംഘത്തെയും അയച്ചിട്ടുണ്ട്. രണ്ട് വിമാനങ്ങളും രണ്ട് യുദ്ധക്കപ്പലുകളും കൂടി ദുരിതാശ്വാസ സാമഗ്രികളുമായി ഉടന്‍ മ്യാന്മാറിലേക്ക് പോകും. പ്രധാനമന്ത്രി മ്യാന്മാര്‍ ഭരണാധികാരികളുമായി സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധക്കപ്പലുകളില്‍ കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: