Kerala

എറണാകുളം കരയോഗം ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഏപ്രില്‍ 4ന് തുടക്കമാകും

100 വിവാഹങ്ങളടക്കം ഒരു വര്‍ഷത്തെ കലാ, സാംസ്‌കാരിക പരിപാടികള്‍

Published by

കൊച്ചി: എറണാകുളം കരയോഗം ശതാബ്ദിയാഘോഷം ഏപ്രില്‍ 4ന് വൈകിട്ട് മൂന്നിന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ടിഡിഎം ഹാളിലെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, എറണാകുളം കരയോഗം പ്രസിഡന്റ് ഇന്‍ ചാര്‍ജ് അഡ്വ. എ. ബാലഗോപാലന്‍, പ്രസിഡന്റ് എ. മുരളീധരന്‍, ട്രഷറര്‍ കെ.ടി. മോഹനന്‍, ശതാബ്ദിയാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു) എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് നടക്കുന്ന എഴുത്തച്ഛന്‍ പുരസ്‌കാര ജേതാക്കളുടെ സംഗമത്തില്‍ പ്രൊഫ. എം.കെ. സാനു, ഡോ. എം ലീലാവതി, സി. രാധാകൃഷ്ണന്‍, സേതു, ഡോ. എസ്.കെ. വസന്തന്‍, എന്‍.എസ്. മാധവന്‍ എന്നിവര്‍ പങ്കെടുക്കും. ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തെ കലാ, സാംസ്‌കാരിക, സാമൂഹ്യ ക്ഷേമ പദ്ധതികളാണ് തയാറാക്കിയിട്ടുള്ളതെന്ന് എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വിവാഹ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നിബന്ധനകള്‍ക്ക് വിധേയമായി ജാതിമത ഭേദമെന്യേ നൂറ് വിവാഹങ്ങള്‍ ടിഡിഎം ഹാളില്‍ നടത്തും. ആവശ്യക്കാരെത്തിയാല്‍ നൂറില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 5ന് വൈകിട്ട് മൂന്നിന് വനിതാ സാഹിത്യ സംഗമത്തില്‍ ശ്രീകുമാരി രാമചന്ദ്രന്‍, തനൂജ ഭട്ടതിരിപ്പാട്, വി എം ഗിരിജ, പ്രൊഫ.വിമല മേനോന്‍ എന്നിവര്‍ എഴുത്ത് അനുഭവങ്ങള്‍ പങ്ക് വെയ്‌ക്കും. 6ന് രാവിലെ 10 മുതല്‍ 12 വരെ കാവ്യാഞ്ജലി, വൈകിട്ട് മൂന്നിന് യുവ സാഹിത്യകാര സംഗമം. മെയ് 30 മുതല്‍ നാടകോത്സവം. ജൂണ്‍ 20 മുതല്‍ 22 വരെ കഥകളി ഉത്സവം. ജൂലൈ 17ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സമ്പൂര്‍ണ രാമായണ പാരായണം. സപ്തംബര്‍ 22 മുതല്‍ 24 വരെ നൃത്തോത്സവം. സപ്തംബര്‍ 25 മുതല്‍ 27 വരെ സംഗീതോത്സവം. ഒക്ടോബര്‍ 24 മുതല്‍ അനുഷ്ഠാനകലകള്‍. നവംബര്‍ 20 മുതല്‍ 22 വരെ നാടന്‍ കലോത്സവം തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

എറണാകുളം കരയോഗം പ്രസിഡന്റ ഇന്‍ ചാര്‍ജ് അഡ്വ. എ. ബാലഗോപാലന്‍, പ്രസിഡന്റ് എ. മുരളീധരന്‍, ട്രഷറര്‍ കെ.ടി. മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക