തിരുവനന്തപുരം: ലഹരി ഉപേക്ഷിക്കാന്‍ ഒരു നൂറ്റാണ്ട് മുന്നേ സമൂഹത്തെ പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ സമാധിയില്‍ നിന്നു ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘ലഹരി വിരുദ്ധ ജാഗ്രതാ യാത്ര’ ഇന്ന്. ‘ഉണരാം ലഹരിക്കെതിരേ’ എന്ന സന്ദേശവുമായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നയിക്കുന്ന ജാഗ്രതാ യാത്രയ്‌ക്കു രാവിലെ 9.30നു ശിവഗിരി മഠത്തില്‍ സ്വാമി ശുഭാംഗാനന്ദ ദീപം കൊളുത്തും. മുന്‍ ഡിജിപിയും ജന്മഭൂമി ലഹരി വിരുദ്ധ യാത്രാ ചെയര്‍പേഴ്‌സണുമായ ആര്‍. ശ്രീലേഖ ഐപിഎസും പങ്കെടുക്കും.
ശിവഗിരി മുതല്‍ കാട്ടാക്കട വരെയുള്ള ജാഗ്രതാ ജാഥയില്‍ പൗര പ്രമുഖര്‍ക്കൊപ്പം ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അണിനിരക്കും. വര്‍ക്കല, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, വെള്ളനാട്, കാട്ടാക്കട എന്നിവിടങ്ങളില്‍ ജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കും. സമ്മേളന സ്ഥലങ്ങളില്‍ ലഹരി ബോധവത്ക്കരണത്തിന്റെ ഭാഗമായി തെരുവുനാടകം, പാവകളി, കവിയരങ്ങ്, നാടന്‍ പാട്ടുകള്‍ എന്നിവ അവതരിപ്പിക്കും. ഓരോ സ്ഥലത്തും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.
ലഹരിയെ അകറ്റാം; ജീവിതം ലഹരിയാക്കാം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും ലഹരി ഉപയോഗത്തിന്റെ അപകടങ്ങള്‍ വിശദീകരിച്ചു ലഘുലേഖകളും വിതരണം ചെയ്യും. ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി, നടി പ്രവീണ, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീജ തുടങ്ങി നിരവധി പ്രമുഖര്‍ ലഹരി വിരുദ്ധ യാത്രയ്‌ക്കൊപ്പം ചേരും.
സാമുദായിക നേതാക്കള്‍, മതമേലധ്യക്ഷര്‍, പൊതുപ്രവര്‍ത്തകര്‍, പോലീസ്- എക്‌സൈസ് ഉദ്യോഗസ്ഥര്‍, സാഹിത്യ- സാംസ്‌കാരിക മേഖലകളിലുള്ളവര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരെല്ലാം വ്യത്യസ്ത പരിപാടികളുടെ ഭാഗമാകും. കൊച്ചിന്‍ ഷിപ്‌യാര്‍ഡും ശ്രീപദ്മനാഭ സേവാ സമിതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ യാത്ര ഏപ്രില്‍ മൂന്നിന് പാറശ്ശാല നിന്ന് ആരംഭിച്ച് മാനവീയം വീഥിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: