മുംബൈ: ഫോഴ്സ് മോട്ടോഴ്സ് നിര്‍മ്മിയ്‌ക്കുന്ന ഗൂര്‍ഖ എന്ന എസ് യു വി റോഡിലൂടെ ഓടുന്നതിനേക്കാള്‍ വെള്ളത്തിലൂടെ കുതിക്കാനും മലകള്‍ കയറിയിറങ്ങാനും പേരുകേട്ട വാഹനമാണ്. അത് കൊണ്ട് ഫോഴ്സ് മോട്ടോഴ്സ് നിര്‍മ്മിച്ച ഗൂര്‍ഖയെ ഇന്ത്യന്‍ സൈന്യം സ്വന്തമാക്കുകയാണ്.
ഇന്ത്യൻ പ്രതിരോധ സേന ഫോഴ്സ് മോട്ടോഴ്സില്‍ നിന്നും 2,978 ഗൂർഖ ലൈറ്റ് വാഹനങ്ങള്‍ വാങ്ങും. ഈ ഓഫ്-റോഡ് എസ്‌യുവി സൈന്യത്തിന് അനുയോജ്യമാണെന്ന് കമ്പനി അറിയിച്ചു.ഫോഴ്‌സ് ഗൂർഖ ഒരു ഓഫ്-റോഡ് എസ്‌യുവിയാണ്.
വർഷങ്ങളായി ഇന്ത്യൻ സൈന്യത്തിന് ഗൂർഖ എൽഎസ്‌വി (ലൈറ്റ് സ്ട്രൈക്ക് വെഹിക്കിൾ) നൽകി ഫോഴ്‌സ് മോട്ടോഴ്‌സ് സേവനം നൽകിവരുന്നു. ഓഫ്-റോഡിങ്ങിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഫോഴ്‌സ് ഗൂർഖ. നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള എസ് യുവി ആയതിനാല്‍ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയും. ഇതിന്റെ വെള്ളത്തിൽ സഞ്ചരിക്കാനുള്ള കഴിവ് മികച്ചതാണ്, 4×4 ഡ്രൈവിംഗിനും കഴിയും. കൂടാതെ, ഗൂർഖയുടെ കരുത്തുറ്റ നിർമ്മാണം, കത്തുന്ന മരുഭൂമികൾ മുതൽ അപകടകരമായ പർവതപ്രദേശങ്ങൾ വരെയുള്ള വൈവിധ്യമാർന്ന പരിതസ്ഥിതികളിലെ പ്രവർത്തനങ്ങൾക്ക് ഇതിനെ പ്രത്യേകിച്ചും അനുയോജ്യമാക്കുന്നു.ഇന്ത്യന്‍ സേനയ്‌ക്ക് തികച്ചും അനുയോജ്യം എന്നതിനാലാണ് സൈന്യം ഗൂര്‍ഖയെ സ്വന്തമാക്കുന്നത്.
ഗൂര്‍ഖയുടെ എഞ്ചിൻ 1,400-2,600 rpm-ൽ 138 bhp പവറും 320 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 4 4 ഡ്രൈവിങ്ങ് സാധ്യമാക്കുന്നു. 18 ഇഞ്ച് അലോയ് വീലുകൾ ആണ്. ഈ കാറിന് 233 mm ഗ്രൗണ്ട് ക്ലിയറൻസുണ്ട്. ഗൂർഖയുടെ എക്സ്-ഷോറൂം വില 18 ലക്ഷം രൂപയിൽ നിന്ന് തുടങ്ങുന്നു.
മൂന്ന് തലമുറയുടെ കരുത്തുള്ള ഫോഴ്സ് മോട്ടോഴ്സ്
ഇന്ത്യയില്‍ വാന്‍ ഉല്‍പാദനം നടത്തുന്ന ഏറ്റവും വലിയ കമ്പനിയാണ് ഫോഴ്സ് മോട്ടോഴ്സ്. മൂന്ന് തലമുറയുടെ കരുതലിന്റെ ഫലമാണ് ഇന്നത്തെ ഫോഴ്സ് മോട്ടോഴ്സ്. 1958ല്‍ നവല്‍മാള്‍ ഫിറോദിയ സ്ഥാപിച്ച കമ്പനിയാണ് ഫോഴ്സ് മോട്ടോഴ്സ്. ഇദ്ദേഹത്തിന്റെ മകന്‍ അഭയ് ഫിറോദിയ ആണ് ഇപ്പോഴത്തെ കമ്പനി എംഡി. 2009ല്‍ ഇദ്ദേഹത്തിന്റെ മകനായ പസാന്‍ ഫിറോദിയയ്‌ക്ക് എംഡി സ്ഥാനം കൈമാറി. ഈ കമ്പനിയില്‍ 10000ല്‍ പരം ജീവനക്കാര്‍ ജോലി ചെയ്യുന്നു. മറ്റഡോര്‍, മിനിഡോര്‍, ട്രാവലര്‍ എന്നിവയും ഫോഴ്സ് മോട്ടോഴ്സിന്റെ വാഹനങ്ങളാണ്. ഇവരുടെ വാഹനത്തിന് വേണ്ട എല്ലാ സ്പെയര്‍ പാര്‍ട്സുകളും ഇവര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകത ഫോഴ്സ് മോട്ടോഴ്സിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: