തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള കേന്ദ്രപദ്ധതികള്‍ രാഷ്ട്രീയ വൈരാഗ്യം വെച്ച് കേരളത്തില്‍ നടപ്പാക്കാതിരിക്കുന്നതായി ബിജെപി. ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ അവസരം സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കുന്നതായും ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ അറിയിച്ചു.
കേന്ദ്രപദ്ധതികളുടെ പ്രചാരണത്തിനും നിര്‍വഹണത്തിനുമായി വലിയ പദ്ധതികള്‍ ബിജെപി നടത്തും. എല്ലാ വാര്‍ഡുകളിലും ബൂത്തുകളിലും ജനക്ഷേമ പദ്ധതികള്‍ അര്ഹതയുള്ളവരിലെത്തിക്കും. ബിജെപി പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളെ നേരിട്ട് കണ്ട് കേന്ദ്രപദ്ധതികളുടെ ഭാഗമാക്കും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്രപദ്ധതികളില്‍ ആളുകളെ ചേര്‍ക്കും. 30 സംഘടനാ ജില്ലാ ഓഫീസുകളിലും വിപുലമായ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കും. ഏപ്രില്‍ 15ന് മുമ്പായി ഇതാരംഭിക്കും. സാധാരണക്കാര്‍ക്ക് കേന്ദ്രപദ്ധതികളുടെ ഭാഗമാകാന്‍ ഇതുവഴി അവസരം ലഭിക്കും.
കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണമാണ് ഇടതുവലതു പക്ഷങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രി അടക്കം വ്യാജ പ്രചാരണം നടത്തുന്നു. മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. ചരിത്രത്തില്‍ ഇല്ലാത്തത്ര വലിയ സഹായമാണ് കേന്ദ്രം കേരളത്തിന് നല്‍കിയിരിക്കുന്നത് എന്നതാണ് സത്യം. ഇതിനായി വലിയ പ്രചാരണ പരിപാടികള്‍ പാര്‍ട്ടി നടത്തും.
ജില്ലാ ഭാരവാഹി, ജില്ലാ കമ്മറ്റി പുനസംഘടന ഏപ്രില്‍ 15ന് മുമ്പ് പൂര്‍ത്തിയാക്കും. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും പി. സുധീര്‍ പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: