ന്യൂദല്‍ഹി: റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള കാലാവധി കുറഞ്ഞത് മെയ് 31 വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് കേന്ദ്രത്തോട് കേരളം. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
എഫ്സിഐയില്‍ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങളെടുത്ത് വിതരണം ചെയ്യാന്‍ സപ്ലൈകോയ്‌ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ജി.ആര്‍. അനില്‍ അഭിനന്ദിച്ചു. സപ്ലൈകോയുടെ 50-ാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനും കേന്ദ്രമന്ത്രിയെ ക്ഷണിച്ചു.
മാര്‍ച്ച് 31ന് മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിക്കുമ്പോള്‍ സംസ്ഥാനത്തെ കാര്‍ഡുടമകളില്‍ 94% വും മസ്റ്ററിങ് പൂര്‍ത്തിയാക്കിയതായി മന്ത്രി അനില്‍ അറിയിച്ചു.
ഉള്‍പ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ് മസ്റ്ററിങ്ങില്‍ പിന്നില്‍. പരമാവധി റേഷന്‍ കാര്‍ഡ് ഉടമകളെ മസ്റ്ററിങ് നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മസ്റ്ററിങ് തീയതി ദീര്‍ഘിപ്പിച്ചാല്‍ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറി തലത്തില്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമെങ്കില്‍ തീയതി നീട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി അറിയിച്ചു.
ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ 15 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.
ഭക്ഷ്യസബ്സിഡിക്ക് പകരം പണം എന്ന രീതി സംസ്ഥാനത്ത് ഭക്ഷ്യധാന്യശേഖരത്തില്‍ വന്‍ കുറവുണ്ടാക്കുമെന്നും മന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: