നെടുമ്പാശേരി: ഖേലോ ഇന്ത്യ ദേശീയ ഗെയിംസില്‍ ചരിത്രനേട്ടം കൈവരിച്ച് സ്വര്‍ണ മെഡലുമായി തിരിച്ചെത്തിയ ജോബി മാത്യുവിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. പാരാ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ പുരുഷ വിഭാഗത്തില്‍ 148 കിലോഗ്രാം ഉയര്‍ത്തിയാണ് റിക്കാര്‍ഡോടെ ജോബി മാത്യു കേരളത്തിനായി സ്വര്‍ണം നേടിയത്. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 20 മുതല്‍ 26 വരെയായിരുന്നു ഖേലോ ഇന്ത്യ ദേശീയ ഗെയിംസ് നടന്നത്.
2008ലെ ലോസാഞ്ചല്‍സ് ഒളിംപിക്‌സ് ആണ് അടുത്ത പ്രധാന ലക്ഷ്യമെന്ന് ജോബി മാത്യു വാര്‍ത്താലേഖകരോട് പറഞ്ഞു. യുവാക്കളും വിദ്യാര്‍ത്ഥികളും കായികരംഗത്തേക്ക് കൂടുതലായി ഇറങ്ങണമെന്നും സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി കളിക്കളങ്ങളും പരിശീലന സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളോടെ ഒരുക്കി വലിയ രീതിയില്‍ പ്രോത്സാഹനം നല്‍കണമെന്നും ജോബി മാത്യു പറഞ്ഞു. രാസലഹരിക്ക് അടിമപ്പെടാതെ കലാ-കായിക രംഗങ്ങളിലെ മികവിനായുള്ള പരിശീലനത്തെ ശീലമാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
അന്‍വര്‍ സാദത്ത് എംഎല്‍എ, ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, നേതാക്കളായ മിഥുന്‍ ചെങ്ങമനാട്, ഷാജുമോന്‍ വട്ടേക്കാട്, എം.എന്‍. ഗോപി, ഡിഫറന്റലി ഏബിള്‍ഡ് സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഫാ. മാത്യു കിരിയാന്തന്‍, ജോസ് മാവേലി, ജെറോം മൈക്കിള്‍, എം.ഡി. റാഫേല്‍, ഏല്യാസ്, കൈതപ്രം വസുദേവന്‍ നമ്പൂതിരി, ഷാമില്‍മോന്‍ കലങ്ങോട്ട്, അരുണ്‍ നങ്ങേലി, ഫാ. ഷിമോജ് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
ജോബി മാത്യുവിനെ സ്വീകരിക്കുവനായി ഭാര്യ ഡോ. മേഘ എസ്. പിള്ളയും മക്കള്‍ 10-ാം ക്ലാസുകാരനും 65 കിലോ വിഭാഗത്തില്‍ പഞ്ചഗുസ്തി സംസ്ഥാന ചാമ്പ്യനുമായ ജ്യോതിസും മൂന്നാം ക്ലാസുകാരന്‍ വിദ്യുതും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: