കൊച്ചി: രാജ്യത്തൊട്ടാകെ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് പ്രതിനിധിസഭയില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 51,570 സ്ഥലങ്ങളിലായി 83,129 ശാഖകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 73,646 ആയിരുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മിലനുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4430 കൂടി 32,147 ആയി. മാസത്തില്‍ ഒരിക്കല്‍ ചേരുന്ന മണ്ഡലികളുടെ എണ്ണം 12,091 ആണ്. ഇങ്ങനെ നിലവില്‍ രാജ്യത്തൊട്ടാകെ 1,27,367 ശാഖാ പ്രവര്‍ത്തനമാണ് നടക്കുന്നത്.
കേരളത്തിലും ഇക്കാര്യത്തില്‍ കാര്യമായ വര്‍ധനയുണ്ട്. 6031 സ്ഥലങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. 2507 ദൈനംദിന ശാഖകളും 2547 മിലനും 925 സംഘമണ്ഡലിയുമാണുള്ളത്. പ്രവര്‍ത്തനവികാസം പരിഗണിച്ച് കഴിഞ്ഞവര്‍ഷം മുതല്‍ ഉത്തരകേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായാണ് സംസ്ഥാനത്തെ സംഘപ്രവര്‍ത്തനം നടക്കുന്നത്. ജോയിന്‍ ആര്‍എസ്എസ് വഴി സംഘത്തില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
പ്രമുഖ വ്യക്തികളുമായി സമ്പര്‍ക്കം, ചായ്പേ ചര്‍ച്ച, പുസ്തകചര്‍ച്ചകള്‍, ഫിലിം സൊസൈറ്റികള്‍, സേവാഭാരതി, സക്ഷമ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനം, മഹിളാ സമന്വയപ്രവര്ത്തനങ്ങള്, പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, ഗ്രാമവികാസ പ്രവര്‍ത്തനം എന്നിങ്ങനെ മാതൃകാപരമായ ഒട്ടനവധി സംരംഭങ്ങളിലൂടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും സംഘത്തിന്റെ ആശയം എത്തിക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: