ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ രണ്ട് സംഘടനകള്‍ കൂടി ഹുറിയത്ത് കോണ്‍ഫറന്‍സുമായുള്ള ബന്ധം വിച്ഛേദിച്ചു. ജമ്മുകശ്മീര്‍ തഹ്രീഖി ഇസ്തെഖ്ലാല്, ജമ്മുകശ്മീര്‍ തഹ്രീഖ് ഇ ഇസ്തിഖാമത്ത് എന്നി സംഘടനകളാണ് വിഘടനവാദ സംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സുമായുള്ള ബന്ധം അവസാനിപ്പിച്ചത്. കഴിഞ്ഞദിവസം ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റും ഡെമോക്രാറ്റിക് പൊളിറ്റിക്കല്‍ മൂവ്മെന്റും ഹുറിയത്തുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടപടിയെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഭാരതത്തില്‍ വിശ്വാസമര്‍പ്പിക്കാനുള്ള ഇരുസംഘടനകളുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു. മോദി സര്‍ക്കാരിന് കീഴില്‍, വിഘടനവാദം അവസാനശ്വാസം വലിക്കുകയാണെന്നും ഐക്യത്തിന്റെ വിജയം കശ്മീരിലുടനീളം പ്രതിധ്വനിക്കുകയാണെന്നും അമിത് ഷാ കുറിപ്പില്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാനത്ത് ഭീകരവാദ-വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ കാരണമായിട്ടുണ്ട്.
1993 ജൂലൈ 31 നാണ് 26 സംഘടനകള്‍ ചേര്‍ന്ന് വിഘടനവാദത്തിനും സ്വയംനിര്‍ണയാവകാശത്തിനും വേണ്ടി വാദിക്കുന്ന ഓള് പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: