ന്യൂദല്‍ഹി: കുടിയേറ്റം നിയന്ത്രിക്കുന്നതിനും വിദേശപൗരന്മാരുടെ സഞ്ചാരത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025, ലോക്സഭ പാസാക്കി. കുടിയേറ്റത്തെ നിയന്ത്രിക്കുന്ന നിലവിലുള്ള നാല് നിയമങ്ങള്‍ക്ക് പകരമാണ് പുതിയ ബില്‍. നടപടികള്‍ ലളിതമാക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്നതുമാണ് ബില്‍.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. രാഷ്ട്രം ഒരു ധര്‍മ്മശാലയല്ല, രാഷ്ട്ര വികസനത്തിന് സംഭാവന നല്കാന് ആരെങ്കിലും വന്നാല്‍ അവരെ എപ്പോഴും സ്വാഗതം ചെയ്യുമെന്ന് അമിത്ഷാ പറഞ്ഞു. കുടിയേറ്റം ഒരു പ്രത്യേക വിഷയമല്ല. രാജ്യത്തിന്റെ പല പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ സുരക്ഷയുടെ വീക്ഷണകോണില്‍ നിന്ന്, രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആരാണ് പ്രവേശിക്കുന്നതെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അമിത്ഷാ പറഞ്ഞു.
അഭയാര്‍ത്ഥികള്‍ക്ക് ഭാരതം എന്നും അഭയം നല്‍കിയിരുന്നതായും അവരുടെ സംരക്ഷണം എപ്പോഴും ഉറപ്പാക്കാറുണ്ടെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭാരതത്തില്‍ ഏറ്റവും സുരക്ഷിതരാണ്. പേര്‍ഷ്യക്കാര്‍ ഭാരതത്തിലെത്തി ഇന്ന് രാജ്യത്ത് അവര്‍ സുരക്ഷിതരാണ്. ഇസ്രായേലില്‍ പലായനം ചെയ്ത് എത്തിയ ജൂതന്മാരും ഇവിടെ സുരക്ഷിതരാണ്. ലോകത്തിലെ ഏറ്റവും ചെറിയ ന്യൂനപക്ഷ സമൂഹം ഭാരതത്തില്‍ മാത്രമാണ് സുരക്ഷിതമായിരിക്കുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് സിഎഎ വഴി രാജ്യത്ത് അഭയം നല്‍കിയതായും അമിത്ഷാ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍, ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. ഭാരതം ഉത്പാദന കേന്ദ്രമായും മാറി. ലോകമെമ്പാടുമുള്ള ആളുകള്‍ ഇവിടെ വരുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, വ്യക്തിപരമായ നേട്ടത്തിനായി അഭയം തേടുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചു. റോഹിംഗ്യകളായാലും ബംഗ്ലാദേശികളായാലും ഭാരതത്തില്‍ അശാന്തി സൃഷ്ടിക്കാന്‍ വന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: