ന്യൂഡൽഹി ; വഖഫ് ബോർഡുകളിൽ ഉത്തരവാദിത്തവും സുതാര്യതയും കൊണ്ടുവരുന്നതാണ് വഖഫ് ബില്ലെന്ന് ഡൽഹി ഹജ്ജ് കമ്മിറ്റി മേധാവി കൗസർ ജഹാൻ. ബിൽ മുസ്ലീം സമുദായത്തിന്, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകൾക്ക് ഗുണം ചെയ്യുമെന്നും അവർ പറഞ്ഞു .
“ഈ ബിൽ മുസ്ലീം സമൂഹത്തിന് വേണ്ടിയുള്ളതാണ്. ഇത് നീതിയുടെയും സുതാര്യതയുടെയും ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണ്. ഇത് മുസ്ലീം സ്ത്രീകളെയും ശാക്തീകരിക്കും . ബില്ലിനെതിരായ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമാണ് .ബില്ലിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങൾ എന്തുകൊണ്ട് പാർലമെൻ്റിൽ അവരുടെ അഭിപ്രായം അവതരിപ്പിക്കുന്നില്ല?
അവർ തങ്ങളുടെ അഭിപ്രായം ഉചിതമായി അവതരിപ്പിക്കണം. പ്രതിഷേധം ഒരു ഫലവും നൽകില്ല . പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് അർത്ഥമില്ല . സ്ത്രീകൾ ഉൾപ്പെടെയുള്ള മുസ്‌ലിം സമുദായത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക് വഖഫ് സ്വത്തുക്കളുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ബിൽ ഉറപ്പാക്കും.ബിൽ വളരെക്കാലം മുമ്പേ അവതരിപ്പിക്കേണ്ടതായിരുന്നു .
മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയും മതവികാരം തങ്ങളുടെ രാഷ്‌ട്രീയ അജണ്ടയ്‌ക്കായി ദുരുപയോഗം ചെയ്യുകയുമാണ് പ്രതിപക്ഷം . ഈ ഭേദഗതികൾ ആവശ്യമില്ലെന്ന് ചിലർ വിശ്വസിക്കുന്നു, സർക്കാരിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പ്രചരണം നടക്കുന്നുണ്ട്, എന്നാൽ ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും വഖഫ് ബോർഡ് സ്ഥാപിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യങ്ങൾ പൂർണ്ണമായി തിരിച്ചറിയാൻ ഈ മാറ്റങ്ങൾ ആവശ്യമാണ്.
വഖഫ് ബോർഡ് സ്ഥാപിച്ചത് നിരാലംബരായ മുസ്‌ലിംകളെ സഹായിക്കാനാണ്, പകരം ബോർഡ് സഹായം ചെയ്യുന്നത് കുറച്ച് ആളുകളുടെ പോക്കറ്റ് നിറയ്‌ക്കാനാണ്. ഉദാഹരണത്തിന്, ഡൽഹിയിൽ മുൻ ചീഫ് അമാനത്തുള്ള ഖാൻ ഇമാമുകൾക്ക് ശമ്പളം നൽകിയില്ല ‘- കൗസർ ജഹാൻ പറഞ്ഞു.
ഡൽഹി വഖഫ് ബോർഡിന്റെ തലവനായ കാലത്ത് ജീവനക്കാരെ അനധികൃതമായി നിയമിച്ചതും സ്വത്തുക്കൾ പാട്ടത്തിന് നൽകിയതും സംബന്ധിച്ച കേസിൽ അമാനത്തുള്ള ഖാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നേരിടുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: