മലപ്പുറം: വളാഞ്ചേരിയിലെ ലഹരിസംഘങ്ങൾക്കിടയിൽ ഒമ്പത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇവരിൽ മൂന്നു പേർ ഇതര സംസ്ഥാന തോഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗം പകരാൻ കാരണമായത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്.
കേരളത്തിന്റെ ആരോഗ്യമേഖലയെ ഞെട്ടിപ്പിക്കുന്നതാണ് ഈ വിവരം. ലൈംഗിക തൊഴിലാളികള്‍, ഡ്രഗ്സ് ഉപയോഗിക്കുന്ന സംഘങ്ങളില്‍പ്പെട്ടവരില്‍ ഉള്‍പ്പെടെയുള്ളവരിലാണ് സ്‌ക്രീനിങ് നടത്തിയത്. വളാഞ്ചേരിയില്‍ ആദ്യം ഒരാള്‍ക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിയത്. അതിന് ശേഷം എയ്ഡ്സ് പരിശോധന നടത്തിയപ്പോഴാണ് മറ്റുള്ളവരിലും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഡിഎംഒ സ്ഥിരീകരിച്ചു.
ഇവരുമായി ബന്ധപ്പെട്ട എല്ലായാളുകളെയും സ്‌ക്രീനിങ് നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. അതോടെ എച്ച് ഐ വി ബാധയുടെ നിരക്കും കൂടാനിടയുണ്ട്. കേരളത്തില്‍ ലഹരി വ്യാപകമായതോടെ അനുബന്ധമായി ഉയരുന്ന ഭീഷണിയാണ് എച്ച്ഐവി വ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: