കോഴിക്കോട്: തെന്നിന്ത്യന്‍ സിനിമയിലെ നിത്യഹരിത നായിക ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും നടത്തുന്നു. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം കാന്‍സര്‍ ബാധിതര്‍ക്ക് ചികിത്സാ ചെലവിന് നല്‍കും.
ഷീല വരച്ച 130 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത്. പ്രദര്‍ശനം കോഴിക്കോട്ട് ഏപ്രില്‍ മൂന്നു മുതല്‍ പതിനഞ്ച് ദിവസമാണ്. കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ‘ഷീലാസ് സ്റ്റാര്‍ ആര്‍ട്ട് സര്‍പ്രൈസ്’ എന്ന പേരിലാണ് പ്രദര്‍ശനം.
ഷീലയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചിയില്‍ നടത്തുകയും അവിടെ ചിത്രങ്ങള്‍ വിറ്റുപോയതിലൂടെ ലഭിച്ച തുക 2018 ലെ പ്രളയത്തില്‍ ദുരിതബാധിതര്‍ക്കായി നല്‍കുകയും ചെയ്തു. പിന്നീട് അമേരിക്കയിലും തിരുവനന്തപുരത്തും പ്രദര്‍ശനം നടത്തി.
വിദേശത്തും സ്വദേശത്തുമായി ചിത്രപ്രദര്‍ശനം നടത്തിവരുന്ന കോമുസണ്‍സിന്റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക്, ജീവന്‍ ടിവി എന്നിവരുടെ സഹകരണത്തോടെയാണ് കോഴിക്കോട്ട് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ടൗണ്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ‘ഷീലയും കഥയും കഥാപാത്രങ്ങളും’ എന്ന വിഷയത്തില്‍ വി.കെ. സുരേഷ്ബാബു പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് ശേഷം ചിത്രകാരന്മാരായ സിഗ്‌നി ദേവരാജ്, നൗഷാദ് വെല്ലാശ്ശേരി, ബഷീര്‍ കിഴിശ്ശേരി എന്നിവര്‍ കാരിക്കേച്ചര്‍ വരച്ച് നല്‍കും. അതില്‍ നിന്ന് കിട്ടുന്ന തുക ചാരിറ്റിക്ക് കൈമാറും. അകാലത്തില്‍ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ ഓര്‍മകള്‍ പങ്കുവെക്കും. വൈകിട്ട് 6 ന് പ്രശസ്ത ഗായകരായ റഫീഖ് യൂസഫ്, അല്‍ക്കാ അഷ്‌ക്കര്‍ എന്നിവര്‍ ഗസല്‍സന്ധ്യ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: