കൊച്ചി: എമ്പുരാന്റെ ആദ്യപ്രദര്‍ശനത്തിന് നായകന്‍ മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജും അടക്കമുള്ള അണിയറപ്രവർത്തകർ എത്തിയത് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച്. ദിവസങ്ങള്‍ക്ക് മുന്‍പ് ‘ആശീര്‍വാദ് സിനിമാസ്’ ആണ് തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ ‘ബ്ലാക്ക് ഡ്രസ്സ് കോഡ്’ എന്ന ആശയം മുന്നോട്ടുവെച്ചത്.
മാര്‍ച്ച് 27-ന് നമുക്ക് ബ്ലാക്ക് ഡ്രസ്സ് കോഡ് ആയാലോ? – ആശിര്‍വാദ് സിനിമാസ് എക്‌സില്‍ കുറിച്ചു. എക്‌സില്‍ ഒരു പോള്‍ രൂപത്തിലാണ് ഇത് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആരാധകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഓപ്ഷനുമുണ്ടായിരുന്നു. ഒട്ടുമിക്ക ആരാധകരും ഈ ഡ്രസ്സ് കോഡ് ഏറ്റെടുക്കുന്നതായി അന്നു തന്നെ കമന്റിട്ടു. ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും പ്രതികരണവുമായി രംഗത്തെത്തി. ഈ ഡ്രസ്സ് കോഡിനോട് യോജിക്കുന്നതായി പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിനെ ഇതിന്റെ ഭാഗമാക്കാമെന്നും പൃഥ്വിരാജ് കുറിച്ചിരുന്നു.
കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യഷോ കാണാനെത്തിയത്.
മലയാളത്തിലെ ബ്രഹ്‌മാണ്ഡചിത്രത്തിന്റെ റിലീസ് വന്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു ആരാധകര്‍. ഫാന്‍സ് ഷോയ്‌ക്കെത്തിയ ആരാധകരും ബ്ലാക്ക് ഡ്രസ്സ് കോഡ് ഏറ്റെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ തിയേറ്ററുകളിലെല്ലാം ബ്ലാക്ക് ഡ്രസ്സ് കോഡിലെത്തിയവരാല്‍ നിറഞ്ഞു.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് മോഹന്‍ലാല്‍ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാന്റെ’ ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750-ഓളം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
‘എമ്പുരാന്‍’ റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതല്‍തന്നെ പല തീയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിവരെ പലയിടത്തും ആഘോഷങ്ങള്‍ തുടര്‍ന്നു. പല സ്‌ക്രീനുകളിലും ഒരുദിവസം മാത്രം ഒട്ടേറെ ഷോകളാണ് എമ്പുരാന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: