ബെംഗളൂരു : ഉഗാദി-റമദാൻ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് സർവീസ് പ്രഖ്യാപിച്ചത്. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, കാസർകോട് എന്നീസ്ഥലങ്ങളിലേക്കാണ് പ്രത്യേക സർവീസുകളുള്ളത്.
ശാന്തിനഗർ ബസ്‌സ്റ്റാൻഡിൽനിന്നാണ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ബസുകൾ സർവീസ് നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 28-ന് 13 പ്രത്യേക സർവീസുകളാണ് നടത്തുന്നത്. കണ്ണൂർ (3), മൂന്നാർ (1), കാസറഗോഡ് (1), കോഴിക്കോട് (3), എറണാകുളം (1), പാലക്കാട് (2), തൃശ്ശൂർ (2) എന്നിങ്ങനെയാണ് പ്രത്യേക സർവീസുകളുള്ളത്.
ബെംഗളൂരു കെംപെഗൗഡ ബസ്‌സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കെസുബ്രമണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാടു, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ചൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തും.
30,31 തീയതികളിലാണ് ഉഗാദി, റമദാൻ ആഘോഷങ്ങൾ. റമദാന്‍ അവധിയോടനുബന്ധിച്ച് കേരള ആർടിസിയും പ്രത്യേക സർവീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . 28-ന് കണ്ണൂർ, എറണാകുളം, കോട്ടയം, പുനലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് അനുവദിച്ചത്. മറ്റുസ്ഥലങ്ങളിലേക്കും അധിക സർവീസുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: