കൊച്ചി: ഒടുവില്‍ ആ സ്ഥിരീകരണമെത്തി. ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ടീം ഒക്ടോബറില്‍ത്തന്നെ കേരളത്തിലെത്തും. കൊച്ചിയിലാകും മത്സരമെന്ന് പ്രധാന സ്‌പോണ്‍സര്‍മാരായ എച്ച്എസ്ബിസി അറിയിച്ചു.
അതേ സമയം, അര്‍ജന്റീനയുടെ എതിരാളികള്‍ ആരായിരിക്കുമെന്നതില്‍ തീരുമാനമായില്ല. ഒരു യൂറോപ്യന്‍ രാജ്യമോ ഏഷ്യന്‍ രാജ്യമോ ആയിരിക്കും എതിരാളികളെന്നാണ് വിലയിരുത്തല്‍. പ്രദര്‍ശന മത്സരമായിരിക്കും ഇത്. അര്‍ജന്റീന ടീം 14 വര്‍ഷത്തിനു ശേഷമാണ് ഭാരതത്തിലെത്തുന്നത്. 2011ല്‍ മെസി നയിച്ച അര്‍ജന്റീന ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്‌ക്കെതിരേ കളിച്ചിട്ടുണ്ട്.
‘ഈ പങ്കാളിത്തത്തിന് കീഴിൽ, ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഒരു അന്താരാഷ്‌ട്ര പ്രദർശന മത്സരത്തിനായി ഇന്ത്യ സന്ദർശിക്കും’ എന്നാണ് എച്ച്എസ്ബിസി ഇന്ത്യ പങ്കുവച്ച വാർത്താകുറിപ്പിൽ പറയുന്നത്. എന്നാൽ വേദി കൃത്യമായി അവർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിൽ വച്ചായിരിക്കും മത്സരം നടക്കുക എന്ന കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ, കേരള കായിക മന്ത്രിയായ വി അബ്‌ദുറഹ്മാൻ, അർജന്റീന ടീം സംസ്ഥാനം സന്ദർശിച്ച് കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ മാസത്തിലായിരിക്കും മെസിയും അർജന്റീന ടീമും കേരളത്തിൽ എത്തുകയെന്നും അന്ന് മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അന്ന് കായിക മന്ത്രി പുറത്തുവിട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: