ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ മേധാവി സഞ്ജയ് കുമാര്‍ മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ (ഇക്കണോമിക് അഡ്വൈസറി കൗണ്‍സില്‍ ടു ദി പ്രൈംമിനിസ്റ്റര്‍-ഇഎസിപിഎം) സ്ഥിരാംഗമായി സെക്രട്ടറി തലത്തിലാണ് നിയമനം.
സമിതി മുന്‍ ചെയര്‍മാന്‍ ബിബേക് ഡെബ്റോയിയുടെ മരണത്തെ തുടര്‍ന്നാണ് സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1984ലെ ഇന്ത്യന്‍ റവന്യു സര്‍വീസ് ബാച്ച് (ഐആര്‍എസ്) ഉദ്യോഗസ്ഥനാണ് മിശ്ര. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗോരഖ്പൂര്‍ അസിസ്റ്റന്റ് ഡയറക്ടറായായിരുന്നു ആദ്യ നിയമനം.
2018ലാണ് ഇദ്ദേഹം ഇ ഡി മേധാവിയാകുന്നത്. 2023 സപ്തംബര്‍ വരെ പദവിയില്‍ തുടര്‍ന്നു. മുന്‍ കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി ഉന്നതരുടെ 4000 കേസുകളാണ് മിശ്ര ഇ ഡി മേധാവിയായിരിക്കേ കൈകാര്യം ചെയ്തത്. 3000 റെയ്ഡുകള്‍ക്കും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: