ഛണ്ഡിഗഡ് : പഞ്ചാബിൽ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെ സ്വന്തം പാർട്ടിയുടെ അവഗണനക്കെതിരെ തുറന്ന പേരുമായി എഎപി എംഎൽഎ ദേവേന്ദ്രജിത് സിംഗ്. പഞ്ചാബിലെ ധരംകോട്ടിൽ നിന്നുള്ള എംഎൽഎ ദേവേന്ദ്രജിത് സിംഗ് ആണ് സ്വന്തം പാർട്ടിയായ ആം ആദ്മി സർക്കാർ തന്റെ പ്രദേശത്തോട് ചിറ്റമനയ മനോഭാവത്തോടെ പെരുമാറുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ മൂന്ന് വർഷമായി തന്റെ നിയമസഭാ മണ്ഡലത്തിൽ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയും നൽകിയിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു. ഇതിനിടയിൽ താൻ പാകിസ്ഥാനിൽ താമസിക്കുന്നതായി തോന്നുന്നു എന്ന് പോലും എംഎൽഎ പറഞ്ഞു. തന്റെ ജില്ലയിൽ സർക്കാർ ആരോഗ്യ സൗകര്യങ്ങൾ എത്തിക്കുന്നതിൽ അവഗണന കാട്ടിയെന്ന് ദേവേന്ദ്രജിത് സിംഗ് ആരോപിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ധരംകോട്ട് നിയമസഭാ മണ്ഡലത്തിന് ഒരു ആരോഗ്യ പദ്ധതിയും ലഭിച്ചിട്ടില്ലെന്നും മോഗ ജില്ലയോട് ചിറ്റമനയ മനോഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം പഞ്ചാബ് നിയമസഭയിൽ പറഞ്ഞു. മോഗയോട് എന്തിനാണ് സർക്കാർ ഇത്തരം അവഗണന കാട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. മോഗ പഞ്ചാബിന്റെ ഭാഗമല്ലേ എന്ന് ചോദിച്ച അദ്ദേഹം തങ്ങൾ പാകിസ്ഥാനിൽ താമസിക്കുന്നത് പോലെ തോന്നുന്നുവെന്ന് പറഞ്ഞു.
അതേസമയം ഇക്കാര്യത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. എംഎൽഎയുടെ ഈ പ്രസ്താവനയ്‌ക്ക് മുമ്പ് ധരംകോട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് ഡിവിഷണൽ ആശുപത്രിയായി ഉയർത്താനുള്ള ഒരു നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രി ബൽബീർ സിംഗ് പറഞ്ഞിരുന്നു. നേരത്തെ 300 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സർക്കാർ സംസ്ഥാനത്ത് നിയമിച്ചിരുന്നു അതിൽ നാല് ഡോക്ടർമാരെ മാത്രമാണ് മോഗയ്‌ക്ക് നൽകിയത്.
എന്നാൽ താരതമ്യേനെ ചെറിയ ജില്ലയായ മലേർകോട്‌ലയിൽ 28 എംബിബിഎസ് ഡോക്ടർമാരെ നിയമിച്ചതും വിവാദമായിരുന്നു. ഇപ്പോൾ എംഎൽഎയുടെ പ്രതികരണം ആം ആദ്മി പാർട്ടി സർക്കാരിന് നാണക്കേടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: