ന്യൂദൽഹി: വാട്സാപ്പ്, ഗൂഗിൾ മാപ്‌സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഒളിഞ്ഞിരിക്കുന്ന പണവും ‘ബിനാമി’ (പ്രോക്സി) സ്വത്ത് ഉടമസ്ഥതയും ട്രാക്ക് ചെയ്യുന്നതിൽ നിർണായകമായി മാറിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പുതിയ ഇൻകം ടാക്സ് ബില്ലിലെ വ്യവസ്ഥകൾക്കെതിരേയുള്ള വിമർശനങ്ങൾക്ക് മറുപടിയായാണ് ധമന്ത്രി പാർലമെന്‍റിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ വഴി 250 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്താനായി. വാട്ട്‌സ്ആപ്പ് ആശയവിനിമയങ്ങൾ വഴി 200 കോടി രൂപയുടെ മറച്ചുവെച്ച ക്രിപ്‌റ്റോകറൻസി ആസ്തികൾ വെളിപ്പെടുത്തിയതായും അവർ കൂട്ടിച്ചേർത്തു. ടാക്സ് വിഭാഗം അധികൃതർക്ക് ഡിജിറ്റൽ റെക്കോഡുകൾ പരിശോധിക്കാനുള്ള അനുമതി നൽകുന്നത് നികുതി വെട്ടിപ്പ് തടയുന്നതിൽ നിർണായകമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
അതു പോലെ തന്നെ ഗൂഗിൾ മാപ് ഹിസ്റ്ററിയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും പരിശോധിച്ചതിലൂടെ പണം ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലങ്ങളും ബിനാമി ഇടപാടുകളും കണ്ടെത്താനായതായും മന്ത്രി വെളിപ്പെടുത്തി. ഫെബ്രുവരി 13നാണ് പുതിയ ഇൻകം ടാക്സ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. അറുപത് വർഷമായി തുടരുന്ന നിയമം മാറ്റിയാണ് പുതിയ നിയമം നടപ്പിലാക്കിയത്. ഇതു പ്രകാരം അധികൃതർക്ക് ആവശ്യമെങ്കിൽ ഇമെയിൽ, വാട്സാപ്പ്, ടെലിഗ്രാം എന്നിവ പരിശോധിക്കാം.
നികുതി നിർവ്വഹണത്തെ ആധുനികവൽക്കരിക്കുന്നതിനും കുറ്റവാളികൾ കണ്ടെത്തലിൽ നിന്ന് രക്ഷപ്പെടാൻ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ, ഇ-മെയിൽ സെർവറുകൾ എന്നിവയുൾപ്പെടെയുള്ള വെർച്വൽ സ്‌പെയ്‌സുകൾ തിരയാൻ നികുതി അധികാരികളെ ബിൽ അധികാരപ്പെടുത്തുന്നു. അന്വേഷണ സമയത്ത് ഈ പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ആക്‌സസ് കോഡുകൾ അസാധുവാക്കാൻ കഴിയും.
കോടതിയിൽ നികുതി വെട്ടിപ്പ് തെളിയിക്കുന്നതിനും മറച്ചുവെച്ച വരുമാനത്തിന്റെ അളവ് കൃത്യമായി വിലയിരുത്തുന്നതിനും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നത് നിർണായകമാണെന്ന് നിർമല സീതാരാമൻ ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: