ഡോ. അനില്‍ വൈദ്യമംഗലം
(സംസ്ഥാന അദ്ധ്യക്ഷന്‍ ഭാരതീയ കിസാന്‍ സംഘ്)
കേരളത്തിന്റെ കാര്‍ഷിക മേഖല സങ്കീര്‍ണ്ണങ്ങളായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. മാറിമാറി വന്ന സംസ്ഥാന സര്‍ക്കാരുകളുടെ വികല നയങ്ങള്‍ കൃഷിയെ പുറകോട്ടടിച്ചു. ഭൂവിനിയോഗ രീതിയിലും വിള പരിവര്‍ത്തനത്തിലും പരിപാലന സംവിധാനത്തിലുമുണ്ടായിരിക്കുന്ന അശാസ്ത്രീയ സമീപനങ്ങള്‍ വലിയ കാര്‍ഷിക ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഹരിതവിപ്ലവത്തിന്റെ കാലം മുതല്‍ അനുവര്‍ത്തിച്ചുവരുന്ന അമിത രാസവളപ്രയോഗവും രാസകീടനാശിനികളുടെ ഉപയോഗവും മണ്ണിനേയും വായുവിനേയും ഉത്പന്നത്തേയും കര്‍ഷകനേയും രോഗഗ്രസ്ഥമാക്കി. പരമാവധി ഉല്പാദനമെന്ന ആശയം കൃഷിയിടങ്ങളെ മരുപ്പറമ്പുകളാക്കിക്കൊണ്ടിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം, വന്യജീവികളുടെ ആക്രമണം, ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വില ലഭിക്കായ്ക, പുതുതലമുറയ്‌ക്ക് കര്‍ഷകരോടുള്ള അവജ്ഞ, അമിതമായ കൂലിച്ചിലവ്, കൃഷിയിടങ്ങളുടെ തരംമാറ്റല്‍, കര്‍ഷകരുടെ അസംഘടിതാവസ്ഥ, കര്‍ഷകര്‍ക്ക് ഗുണകരമല്ലാത്ത കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും കൃഷിവകുപ്പും തുടങ്ങി കര്‍ഷകനേയും കൃഷിയേയും നിലംപരിശാക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു.
കഴിഞ്ഞ പത്തുവര്‍ഷക്കാലമായി കാര്‍ഷിക വളര്‍ച്ചാനിരക്കില്‍ നെഗറ്റീവ് സൂചികയുള്ള ഏക സംസ്ഥാനം കേരളമാണ്. ആകെയുള്ള ഭൂമിയുടെ കാര്‍ഷിക ഉപയോഗം നാലിലൊന്നായി ചുരുങ്ങി. കേരളീയരുടെ മുഖ്യ ആഹാരമായ അരിപോലും നമുക്കാവശ്യമുള്ളതിന്റെ അഞ്ചിലൊന്ന് വിടെ ഉത്പാദിപ്പിക്കുന്നില്ല. എല്ലാത്തരം കാര്‍ഷിക വിളകള്‍ക്കും ഉത്പാദന മാന്ദ്യമുള്ള കേരളത്തില്‍ കര്‍ഷക കുടുംബങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞുപോയി. ഇതെല്ലാം അതിജീവിക്കുന്നതിനുള്ള പഠനങ്ങളോ ആസൂത്രണമോ നയമോ കേരള സര്‍ക്കാരിനില്ല എന്നതാണ് ഖേദകരം.
ഈ സാഹചര്യത്തില്‍ ഭാരതീയ കിസാന്‍ സംഘ് കൃഷിയുടെയും കര്‍ഷകരുടെയും ഉന്നമനവും ക്ഷേമവും ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്ര കാര്‍ഷിക പരിവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ്. കേരളത്തില്‍ ഇതുവരെ സംഭവിച്ചിട്ടുള്ള കാര്‍ഷിക വീഴ്ചകളില്‍നിന്ന് സംസ്ഥാനത്തെ രക്ഷിച്ചെടുക്കുകയാണ് ലക്ഷ്യം.
എല്ലാ വീടുകളും കൃഷിയിടങ്ങളും എല്ലാവരും കര്‍ഷകരുമാകുന്ന, കാര്‍ഷിക സമൃദ്ധി നിറഞ്ഞ കേരളത്തെയാന് ഭാരതീയ കിസാന്‍ സംഘ് വിഭാവനം ചെയ്യുന്നത്. പരിസ്ഥിതി, കര്‍ഷകന്‍, ഉപഭോക്താവ് എന്നീ മൂന്നു സുപ്രധാന ഘടങ്ങളുടെ സുസ്ഥിരതയും സമൃദ്ധിയും സംതൃപ്തിയും ഉറപ്പാക്കുന്ന ഭാരതീയ കാര്‍ഷിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നേറ്റത്തിലൂടെ മാത്രമേ പ്രതിസന്ധികളെ മറികടക്കാനാവൂ.
കേരളത്തിന്റെ കാര്‍ഷിക മേഖലയെ അടിമുടി ഗ്രസിച്ചിരിക്കുന്ന അപകടകരമായ പ്രവണതകളില്‍നിന്ന് മോചിപ്പിക്കുന്നതിന് 2025 ഏപ്രില്‍ രണ്ട് മുതല്‍ 28 വരെ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന കാര്‍ഷിക നവോത്ഥാന യാത്രയാണ് ഭാരതീയ കിസാന്‍ സംഘിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. മഞ്ചേശ്വരത്ത് രാഷ്‌ട്രകവി ഗോവിന്ദപൈ സ്മാരകത്തില്‍ നിന്നാരംഭിച്ച് പതിനാലു ജില്ലകളിലൂടെ 152 ബ്ലോക്കുകള്‍ താണ്ടി ആയിരക്കണക്കിന് കേരളീയ കാര്‍ഷിക ഗ്രാമങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞുകൊണ്ട് 2500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ച് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.
കാര്‍ഷിക നവോത്ഥാന യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിയുടെ ആഴവും പരപ്പും വിശകലന വിധേയമാക്കുകയാണിവിടെ. അതിപു
രാതനമായ കാര്‍ഷിക പാരമ്പര്യമുള്ള ഭാരതത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിക്ക് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. നവീന ശിലായുഗ കാലഘട്ടം മുതലുള്ള നമ്മുടെ കാര്‍ഷികപ്പഴമയുടെ വ്യക്തമായ ചരിത്രം ഇന്നു ലഭ്യമാണ്. കേരളീയ സുഗന്ധവ്യഞ്ജനങ്ങളും കാര്‍ഷികവിളകളും കയറ്റിക്കൊണ്ടുപോകാന്‍ കാത്തുകിടന്ന യവന, ചൈനീസ്, അറബി കപ്പലുകളെപ്പറ്റിയുള്ള വിവരണങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. റോമാ സാമ്രാജ്യത്തെ ആക്രമിക്കാതെയിരിക്കാന്‍ നൊമാഡിക് യുദ്ധനായകന്‍ അലാറിക് ആവശ്യപ്പെട്ടത് ‘കൊറ്റനോറ’ (കുട്ടനാട്) യില്‍ നിന്നു കൊണ്ടുവന്ന 600 മന്ന് കുരുമുളകായിരുന്നുവെന്നത് മറന്നുകൂടാ.
പാലൈ, മുല്ലൈ, കുറിഞ്ഞി, മരുതം, നെയ്തല്‍ എന്നിങ്ങനെ അഞ്ചു തിണകളായി വിഭജിക്കപ്പെട്ടു വിവരിക്കപ്പെടുന്ന ഭൂമിയില്‍ അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ സമസ്ത കാര്‍ഷികപ്പെരുമയും സംഘകാല കൃതികളില്‍ നിന്നും നമുക്കറിയാന്‍ കഴിയും. മെതിച്ചു കൂട്ടിയിട്ടിരിക്കുന്ന നെല്‍ക്കൂമ്പാരങ്ങളില്‍ കയറിനിന്ന് കരിയ്‌ക്കടര്‍ത്തുന്ന കിടാങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ സമ്പല്‍സമൃദ്ധമായ ഒരു നാടിന്റെ നേര്‍ക്കാഴ്ചയാണ്.
കാര്‍ഷിക പതനങ്ങളുടെ പശ്ചാത്തലം
സാമ്പത്തികമായ കാഴ്ചപ്പാടില്‍ ഭാരതം എക്കാലവും സമൃദ്ധവും തൊഴില്‍ ജീവിതായോധന രീതികള്‍ എന്നിവയില്‍ സമ്പന്നവുമായിരുന്നു. ഇതിഹാസ കാലഘട്ടങ്ങള്‍ക്കുശേഷം അലക്‌സാണ്ടറും പിന്നീട് തുര്‍ക്കികള്‍, മുഗളന്മാര്‍, പഠാന്മാര്‍ തുടങ്ങിയ ഇസ്ലാമിക ഭീകരാക്രമണകാരികളും ഡച്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങിയവര്‍ ഇവിടേക്ക് തുടരെത്തുടരെ ആക്രമിച്ചു കയറി. ആ അധിനിവേശങ്ങളുടെ രാഷ്‌ട്രീയവും മതപരവുമായ വശങ്ങളെ മാറ്റിവച്ചുകൊണ്ടു ചിന്തിച്ചാല്‍ പൊതുവായി എത്തിച്ചേരുന്ന യാഥാര്‍ത്ഥ്യം ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തി അക്കാലത്ത് ഭാരതമായിരുന്നു എന്നതാണ്. സമ്പത്തു കൊള്ളയടിക്കാനെത്തിയ കൊള്ളസംഘങ്ങളായിരുന്നു അക്രമകാരികള്‍.
രണ്ടു നൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷുകാരുടെ ചൂഷണഭരണകാലത്തുമാത്രം 45 ട്രില്യണ്‍ ഡോളര്‍ അടിസ്ഥാനമൂല്യമുള്ള സ്വര്‍ണ്ണവും ധനവും മറ്റുല്‍പ്പന്നങ്ങളുമാണ് ഇവിടെ നിന്നു കടത്തിക്കൊണ്ടു പോയിട്ടുള്ളത്. കൂടാതെ അവരുടെ ധൂര്‍ത്തിനും ലാലസതയ്‌ക്കുമായി തദ്ദേശീയമായി ചിലവാക്കിയ നമ്മുടെ സമ്പത്തിന് യാതൊരു കണക്കുമില്ല. കാര്‍ഷികാധിഷ്ഠിതമായ കേരളീയ സാമൂഹിക ജീവിതത്തെ ചവിട്ടിയരച്ചുകടന്നുപോയ ഈ അധിനിവേശ ശക്തികള്‍ ഇവിടെ കാട്ടിക്കൂട്ടിയ നീചപ്രവര്‍ത്തികള്‍ക്ക് ചരിത്രത്തില്‍ അധികം സമാനതകളില്ല.
നൂറ്റാണ്ടുകളോളം നീണ്ടുപോയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍മൂലം നമ്മുടെ അടിസ്ഥാന വിഭവങ്ങളേയും സര്‍ഗ്ഗശേഷിയേയും സമര്‍ത്ഥമായി വിനിയോഗിച്ച് മുന്നേറാന്‍ നമുക്കായില്ല. ഭാരതീയ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രബിന്ദുവായ കാര്‍ഷികമേഖല പടയോട്ടങ്ങളാലും ചൂഷണങ്ങളാലും തകര്‍ന്നടിഞ്ഞ് 1947 ല്‍ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടുമ്പോള്‍ രാജ്യത്തെ 72 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയ്‌ക്കു താഴെയായിരുന്നു. രണ്ടുനേരം ഭക്ഷിക്കാനുള്ള വിഭവങ്ങള്‍പോലും ഉല്പാദിപ്പിക്കപ്പെട്ടിരുന്നില്ല. ഭാരതത്തില്‍ ആകെമാനം ബാധിച്ച ഈ ഉല്പാദനമാന്ദ്യവും മുരടിപ്പും ദാരിദ്ര്യവും കേരളത്തിലും ശക്തവും വ്യാപകവുമായി. കൂടാതെ ഭാരതത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില സാഹചര്യങ്ങളും കേരളത്തിലുണ്ടായിരുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണകര്‍ത്താക്കളുടെ വികലമായ നയങ്ങളും അവര്‍ സ്വീകരിച്ച മാതൃകകളും രാജ്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നവ ആയിരുന്നില്ല. സോവിയറ്റ് യൂണിയനെ മാതൃകയാക്കിക്കൊണ്ടു രൂപപ്പെടുത്തിയ ‘മഹാലനോബിസ് മോഡല്‍’ സോഷ്യലിസ്റ്റു വ്യവസ്ഥിതി ഇവിടെ തകര്‍ന്നു തരിപ്പണമായി. നമുക്ക് അരിയും ഗോതമ്പും കടം വാങ്ങിക്കേണ്ടിവന്നു. പി.എല്‍ 480 മുതലായ അപമാനകരമായ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു കൊണ്ട് അമേരിക്കയ്‌ക്കു മുമ്പില്‍ നമ്മുടെ ഭരണകൂടം കീഴടങ്ങി. 1960കളില്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി തിങ്കളാഴ്ച രാത്രികളിലെ ഭക്ഷണം രാജ്യത്തെ പട്ടിണിക്കാര്‍ക്കുവേണ്ടി ഉപേക്ഷിക്കുവാനാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത്. എന്നാല്‍ 1991-ല്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ 68 ടണ്‍ രാജ്യത്തിന്റെ കരുതല്‍ സ്വര്‍ണ്ണമാണ് വിദേശനാണ്യത്തിനായി അന്താരാഷ്‌ട്ര ബാങ്കുകളില്‍ പണയംവച്ചത്. തുടര്‍ന്ന് മാര്‍ക്കറ്റ് സമ്പദ്‌വ്യവസ്ഥയെ വാരിപ്പുണര്‍ന്നുകൊണ്ട് നെഹ്രുവിയന്‍ പിന്‍തുടര്‍ച്ചക്കാര്‍ ഉദാരവല്ക്കരണവും ആഗോളവത്കരണവും അടിച്ചേല്‍പ്പിച്ചു. ഗാട്ടുകരാറിന്റേയും ഡങ്കല്‍ ഉടമ്പടികളുടെയും പിന്തുടര്‍ച്ചയായിരുന്നു അത്. ദുരിതപൂരിതമായ ഒരു ജീവിതത്തിലേക്ക് അവ കേരളമടക്കമുള്ള കാര്‍ഷിക മേഖലയെ വലിച്ചെറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: