ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കേബിൾ -സ്റ്റേയ്ഡ് പാലത്തിന്റെ നിർമാണം ശിവമോഗയിൽ പുരോഗമിക്കുന്നു. സാഗര താലൂക്കിലെ അംബര ഗോഡ്ലുവിനേയും തുമാരിയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നീളം 2.44 കിലോമീറ്ററാണ്. 423 കോടി രൂപയാണ് നിർമാണ ചെലവ്. 17 തൂണുകളും രണ്ട് അബട്ട്മെന്റുകളും ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം.
തുമാരിയിൽ നിന്നോ സാഗർ ടൗണില്‍ നിന്നോ പ്രശസ്തമായ സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രത്തിലേക്ക് എത്താന്‍ നിലവില്‍ ഏകദേശം 80 കിലോമീറ്റർ സഞ്ചരിക്കണം. കേബിൾ -സ്റ്റേയ്ഡ് പാലം യാഥാർഥ്യമാകുന്നതോടെ ദൂരം പകുതിയായി കുറയും. ഉഡുപ്പി ജില്ലയിലെ കൊല്ലൂരിനും സാഗർ ജില്ലയ്‌ക്കുമിടയിലുള്ള യാത്ര സമയവും ഗണ്യമായി കുറയും. പ്രദേശങ്ങളിലെ വിനോദ സഞ്ചാര മേഖലയ്‌ക്കും ഉണര്‍വുണ്ടാകും.
2018- ഫെബ്രുവരി 18 ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് പാലത്തിന്റെ നിർമാണത്തിന് തറക്കല്ലിട്ടത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി മെയ് അവസാനമോ ജൂൺ ആദ്യവാരത്തിലോ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ അസ്ഫാൽറ്റ് ജോലികൾ അടക്കമുള്ള ജോലികള്‍ തകൃതിയായി നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: