ഗോഹട്ടി: രാജസ്ഥാന്റെ രണ്ടാം ഹോം വേദിയായ ഗോഹട്ടി ബര്‍സപാര സ്റ്റേഡിയത്തില്‍ ഇന്ന് നിര്‍ണായക മത്സരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളികള്‍ ആകാംക്ഷപൂര്‍വ്വം കാത്തിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്- കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടം ഇന്ന് രാത്രി ഏഴരയ്‌ക്ക്.
ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട് സീസണ്‍ തുടങ്ങിയ ഇരുടീമിനും അതുകൊണ്ടുതന്നെ ഈ മത്സരം സീസണിലെ ആദ്യവിജയം സ്വന്തമാക്കാനുള്ള അവസരമാണ്. കൂറ്റര്‍ സ്‌കോറുകള്‍ പിറന്ന മത്സരത്തില്‍ രാജസ്ഥാനെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടിയപ്പോള്‍ രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സേ നേടാനായുള്ളൂ.
47 പന്തില്‍ 106 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇഷാന്‍ കിഷന്റെ തട്ടുപൊളിപ്പന്‍ ബാറ്റിങ്ങാണ് സണ്‍ റൈസേഴ്‌സിന് കരുത്തായത്. പതിവുപോലെ ടച്രാവിസ് ഹെഡ്ഡും 67(31) ഹെന്റിച്ച് ക്ലാസനും 34(14) നിറഞ്ഞാടുകകൂടി ചെയ്തതോടെ സണ്‍ റൈസ്‌ഴ്‌സിന്റെ സ്‌കോര്‍കാര്‍ഡിലെത്തിയത് 286 റണ്‍സ്.
തിരിച്ചടിയില്‍ രാജസ്ഥാനായി ബാറ്റര്‍മാര്‍ കത്തിക്കേറിയെങ്കിലും ജയത്തിന് 44 റണ്‍സകലെ ഓവറുകള്‍ തീര്‍ന്നു. സഞ്ജു സാംസണും ധ്രുവ് ജുറലും മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു.
കെകെആര്‍ ആദ്യ മത്സരത്തില്‍ ആര്‍സിബിയോടാണ് പരാജയപ്പെട്ടത്. 22 പന്ത് ബാക്കി നില്‍ക്കേ ഏഴു വിക്കറ്റിന്റെ ജയം ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കുമ്പോള്‍ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോഹ്്‌ലിയും ഫില്‍ സാള്‍ട്ടും തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 16.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഇന്നത്തെ മത്സരത്തില്‍ ജയത്തോടെ പോയിന്റ് ടേബിളില്‍ ഇടം നേടാമെന്ന ലക്ഷ്യമാണ് ഇരുടീമിനുമുള്ളത്. ഇരു ടീമിലും കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. രാജസ്ഥാന്‍ നിരയില്‍ ഇന്നും ധ്രുവ് ജുറലാകും വിക്കറ്റ് കീപ്പറാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: