ന്യൂദല്ഹി: ദല്ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്മ്മയുടെ വീട്ടില് നിന്ന് പണം കണ്ടെത്തിയ ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള് പൊതുജനങ്ങള്ക്ക് മുന്നില് വയ്ക്കാനുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ തീരുമാനത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്ഖര് സ്വാഗതം ചെയ്തു. ചീഫ് ജസ്റ്റിസ് നിയമിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്ക്കായി പാര്ലമെന്റ് കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈ വിഷയത്തില് രാജ്യസഭാ ചെയര്മാന് കൂടിയായ ജഗ്ദീപ് ധന്ഖര് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭാകക്ഷി നേതാവ് ജെ.പി. നഡ്ഡയുമായും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്ജ്ജുന് ഖാര്ഗെയുമായും ജഗ്ദീപ് ധന്ഖര് ഇന്നലെ ചര്ച്ച നടത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ പാര്ട്ടി നേതാക്കളുമായും ചര്ച്ച ചെയ്യുമെന്നും ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ജഗ്ദീപ് ധന്ഖര് അറിയിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് തനിക്ക് ലഭിച്ച മുഴുവന് വിവരങ്ങളും കോടതിയില് സൂക്ഷിക്കാതെ, സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ രീതിയില് പൊതുജനങ്ങള്ക്കിടയില് പങ്കിടുന്നത്. ഇത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്ന് ജഗ്ദീപ് ധന്ഖര് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് കാണിച്ച ജാഗ്രതയും സമിതി രൂപീകരിച്ചതും പരിഗണിക്കേണ്ട ഘടകമാണ്. ജുഡീഷ്യറി, നിയമ നിര്മാണസഭ തുടങ്ങിയ സ്ഥാപനങ്ങളും അവയുടെ ആഭ്യന്തര സംവിധാനങ്ങളും ഫലപ്രദവും വേഗതയേറിയതും പൊതുജനവിശ്വാസം ഉയര്ത്തിപ്പിടി ക്കുന്നതുമാകുമ്പോഴാണ് അവയുടെ ഉദ്ദേശ്യം ഏറ്റവും നന്നായി നിറവേറ്റുന്നതെന്നും അദ്ദേഹം കൂടിക്കാഴ്ചയ്ക്കുശേഷം പ്രസ്താവനയില് പറഞ്ഞു.
പാര്ലമെന്റ് പാസാക്കിയതും പിന്നീട് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയതുമായ ദേശീയ ജുഡീഷ്യല് നിയമന കമ്മിഷന് നിയമത്തെ (എന്ജെഎസി) നേരത്തെ സഭയില് ജഗ്ദീപ് ധന്ഖര് പരാമര്ശിച്ചിരുന്നു. ആ ചരിത്രപരമായ നിയമനിര്മാണം ഇത്തരം വിഷയങ്ങള്ക്കുള്ള പ്രതിവിധി ആകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം യശ്വന്ത് വര്മ്മയുടെ വീട്ടില് നിന്ന് വന്തോതില് പണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില് ദല്ഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ജുഡീഷ്യല് ചുമതലകള് പിന്വലിച്ചു. ഹൈക്കോടതി രജിസ്ട്രാര് ഇതുസംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇതുസംബന്ധിച്ച നിര്ദേശം കോടതിക്ക് നല്കിയിരുന്നു. ജസ്റ്റിസ് വര്മ്മയ്ക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്ന കേസുകള്ക്ക് കോടതി പുതിയ തീയതികള് നിശ്ചയിക്കും.
സംഭവവുമായി ബന്ധപ്പെട്ട് ദല്ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദേവേന്ദ്രകുമാര് ഉപാധ്യായ സമര്പ്പിച്ച അന്വേഷണറിപ്പോര്ട്ട് സുപ്രീംകോടതി പുറത്തിറക്കിയിരുന്നു. തുടര്ന്ന് ആരോപണങ്ങള് അന്വേഷിക്കാന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മുതിര്ന്ന ജഡ്ജിമാരുടെ മൂന്നംഗ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: