കോഴിക്കോട്: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനെന്ന പേരില്‍ ധനകാര്യ വകുപ്പ് പുറത്തിറക്കിയ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ നിയമന നിരോധനം നടപ്പിലാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
ഇങ്ങനെ ഒഴിവ് വരുന്ന തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തണമെന്നത് ഓഫീസ് പ്രവര്‍ത്തനം താളംതെറ്റിക്കും.
പിഎസ്‌സി പരീക്ഷ എഴുതി ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനത്തിന് കാത്തിരിക്കുന്ന നൂറുക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി ഇരുളടഞ്ഞതാക്കും.
ഉദ്യോഗാര്‍ത്ഥികളുടെ അവസരം ഇല്ലാതാവുമെന്ന് പറഞ്ഞ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കാത്ത സര്‍ക്കാരാണ് അതിന് വിരുദ്ധമായ ഇത്തരം തീരുമാനം എടുത്തിരിക്കുന്നത്.
നിയമന നിരോധനത്തിനും കരാര്‍ കണ്‍സല്‍ട്ടന്‍സി നിയമനത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണ് സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ വേണ്ടി മാത്രം ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: