Categories: News

ആശാവര്‍ക്കര്‍മാരോട് കാണിക്കുന്നത് ക്രൂരമായ അവഗണന: എ.പി. അബ്ദുള്ളക്കുട്ടി

Published by

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന ന്യായമായ സമരത്തോട് വളരെ ക്രൂരമായ അവഗണനയും പരിഹാസവുമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരവും ഉപവാസവുമനുഷ്ഠിക്കുന്ന ആശാപ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി കാണിക്കുന്നത് ജനാധിപത്യ മര്യാദയില്ലായ്മയാണ്. ധിക്കാരത്തിന്റെ ശൈലിയും ഭാഷയുമാണ് അവര്‍ സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രി ദല്‍ഹിയില്‍ പോയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനല്ല, ക്യൂബന്‍ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന അവസരത്തില്‍ കേന്ദ്രമന്ത്രിയെ കാണണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന കാര്യം അവര്‍ക്കറിയില്ലേ. ഒരു കത്ത് കൊടുക്കാന്‍ പോലും കഴിവില്ലാത്ത ഒരു ആരോഗ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക ആരോഗ്യ മണ്ഡലത്തിലെ താരമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച ആരോഗ്യമന്ത്രി ടീച്ചറമ്മയ്‌ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം ലഭിച്ചതിന്റെ പിന്നിലെ ചാലകശക്തി ഈ ആശാവര്‍ക്കര്‍മാരാണ്. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ ഏറ്റുവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളവരാണ് ആശാവര്‍ക്കര്‍മാര്‍. ഈ രംഗത്ത് കാണുന്ന വലിയ മുന്നേറ്റത്തിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അവരോട് കാണിക്കുന്ന ഈ ക്രൂരതയും അവഗണനയും പരിഹാസവും കേരള സമൂഹം പൊറുക്കില്ല. സിപിഎമ്മിന് വലിയ വില കൊടുക്കേണ്ടി വരും. പിണറായി വിജയന്‍ തന്റെ അഹന്തയും ഈഗോയും മാറ്റിവച്ച് ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ ബിജെപിയെ ആധുനിക കാലഘട്ടത്തില്‍ നയിക്കാന്‍ കഴിയുന്ന നേതാവാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ന്യൂജനറേഷനെ ആകര്‍ഷിക്കാന്‍ കഴിയുന്നയാളാണ് രാജീവ് ചന്ദ്രശേഖറെന്നും ഏല്‍പ്പിച്ച ചുമതല നല്ല രീതിയില്‍ ചെയ്യുന്നയാളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by