കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം.
കഴിഞ്ഞ രണ്ടു തവണയായി നിര്‍ദേശിച്ച കാര്യങ്ങളൊന്നും തന്നെ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവര്‍ വിമര്‍ശനമുന്നയിച്ചത്. വിവിധ വകുപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള ‘ഏകോപന സമിതി’ രൂപീകരിക്കണമെന്നും ഇതിന്റെ തലപ്പത്ത് ഉന്നത ഉദ്യോഗസ്ഥന്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു സമിതി രൂപീകരിച്ചില്ല. മാത്രമല്ല, പ്രാദേശിക തലത്തില്‍ രൂപീകരിച്ച സമിതിയുടെ നേതൃത്വം ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ക്ക് നല്‍കിയതും കോടതിയെ ചൊടിപ്പിച്ചു. ആറളത്ത് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഏര്‍പ്പെടുത്തി വരികയാണെന്ന് സര്‍ക്കാര്‍ കോടതിയ അറിയിച്ചു.
എന്നാല്‍ അക്കാര്യങ്ങളൊന്നും എന്തുകൊണ്ടാണ് തങ്ങള്‍ക്കു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ലാത്തതെന്നു കോടതി ചോദിച്ചു. സംസ്ഥാന, ജില്ലാ, പ്രാദേശിക തലത്തില്‍ സമിതികള്‍ രൂപീകരിച്ചെന്നും സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സമിതി ഇതിനു നേതൃത്വം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അഞ്ചു തവണ യോഗം ചേര്‍ന്നതിന്റെ വിവരങ്ങളും കൈമാറി. എന്നാല്‍ ആറളം ഫാമിലെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയ വിവരങ്ങള്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്നും എത്ര സമയം എടുക്കുമെന്നു വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധര്‍ എന്താണ് നിര്‍ദേശിക്കുന്നത് എന്നു പറഞ്ഞിട്ടില്ലെന്നും ഹ്രസ്വകാല – ദീര്‍ഘകാല കര്‍മപദ്ധതി എന്താണെന്നു പറഞ്ഞിട്ടില്ല എന്നും കോടതി വ്യക്തമാക്കി. വൈദ്യുതി വേലിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് ഉള്‍പ്പെടെ മുന്നോട്ട് എന്താണ് ചെയ്യുന്നത് എന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളില്‍ നടപടികള്‍ എടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ വെറുതെ പറഞ്ഞാല്‍ പോരാ, അക്കാര്യങ്ങള്‍ രേഖാമൂലം ഉണ്ടായിരിക്കണമെന്നു കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും ഏപ്രില്‍ 7ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: