ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രായലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാസമരം ചര്‍ച്ച ചെയ്യാനല്ലെന്ന് സംസ്ഥാനസര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. എയിംസാണ് ചര്‍ച്ചയുടെ അജണ്ട. അതാണ് സര്‍ക്കാര്‍ തന്നെ ഏല്‍പ്പിച്ച കാര്യം. ആശമാരുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. തന്നെ ഏല്‍പ്പിക്കുന്ന കാര്യമല്ലേ തനിക്ക് ചെയ്യാന്‍ കഴിയൂവെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
ആശാസമരം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യം. ദല്‍ഹിയില്‍ അതേക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്ന് തോമസ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ കെ.വി തോമസിനൊപ്പം കേരള ഹൗസ് റസിഡന്റ് കമ്മീഷണറും പങ്കെടുക്കും. നേരത്തെ വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കാണാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമയം ചോദിച്ചിരുന്നു.
ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ വര്‍ധിപ്പിക്കണം, സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, എയിംസ് കേരളത്തിന് ലഭ്യമാക്കണം, കാസര്‍കോട്, വയനാട് ജില്ലകളില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ എന്നതടക്കം കേന്ദ്രമന്ത്രിക്ക് മുന്നില്‍ പറയുമെന്ന് വീണാ ജോര്‍ജ് ദല്‍ഹിയില്‍ പറഞ്ഞിരുന്നു.
അതേസമയം സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ ഇന്ന് കൂട്ട ഉപവാസം നടത്തും. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചു. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: