ന്യൂദല്‍ഹി: 2026 മാര്‍ച്ച് 31നകം മാവോയിസ്റ്റ് തീവ്രവാദികളെ ഇന്ത്യയില്‍ നിന്നും തുടച്ചുമാറ്റുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്ക്കെതിരെ തിരിയുന്ന ഭീകരന് അത് ആരായിരുന്നാലും അവന്റെ നെറ്റിയില്‍ വെടിയുണ്ട കയറ്റുമെന്നും അമിത് ഷാ. കഴിഞ്ഞ ദിവസം അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ ഈ പ്രസംഗത്തിന്റെ ഈ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
കൃത്യമായി തന്റെ അജണ്ട നിര്‍ഭയം പ്രഖ്യാപിക്കുന്നു എന്നതിനാലാണ് അമിത് ഷായുടെ ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. അമിത് ഷായുടെ യുദ്ധപ്രഖ്യാപനം ഭരണാധികാരികള്‍ ഭയപ്പെടുന്ന ഏറ്റവും ഭീകരമായ രണ്ട് ശക്തികളോടാണ്. ഒന്ന് മാവോവാദികള്‍ ആണെങ്കില്‍ രണ്ടാമത്തേത് കശ്മീരിലെ തീവ്രവാദികള്‍ ആണ്. പണ്ട് മാവോവാദികളെ വെല്ലുവിളിച്ച കോണ്‍ഗ്രസ് നേതാവ് വി.സി. ശുക്ലയെ തീര്‍ത്തുകളഞ്ഞ ചരിത്രമുണ്ട്. കശ്മീരിലേക്ക് തീവ്രവാദികളെ അയയ്ക്കുന്ന പാകിസ്ഥാന് ഇന്ത്യയിലേക്ക് പല തവണ തീവ്രവാദികളെ അയച്ച് വന്‍നാശനഷ്ടം വരുത്തിയിട്ടുണ്ട്. പക്ഷെ ഇക്കൂട്ടരെ നിര്‍ഭയം വെല്ലുവിളിക്കാന്‍ അമിത് ഷായ്ക്ക് മാത്രമേ കഴിയൂ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്ന കമന്റുകളില്‍ പലതും. കശ്മീരിന് പ്രത്യേകപദവി എടുത്തുകളയാനും കശ്മീരിനെ ഇന്ത്യയ്ക്ക് തുറന്നുകൊടുക്കാനും അമിത് ഷായ്ക്ക് മാത്രമേ കഴിയൂ എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് വേട്ട
കഴിഞ്ഞ ദിവസം ഛത്തീസ് ഗഢില്‍ കാട്ടില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് അറിഞ്ഞയുടനെ അര്‍ധസൈനികവിഭാഗത്തിന്റെ ഡിആര്ജിഎ യൂണിറ്റും കോബ്ര യൂണിറ്റും അവിടേക്ക് പോകുന്നു. വെടിവെച്ച് കൊന്നത് 28 പേരെയാണ്. മറ്റൊരു വെടിവെയ്പില്‍ ഏഴ് പേരെ കൊന്നു. കഴിഞ്ഞ വര്‍ഷമായ 2024ല്‍ 219 മാവോയിസ്റ്റുകളെയാണ് കൊന്നതെങ്കില്‍ 2025ല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇതുവരെ 100ല്‍ പരം പേരെ കൊന്നു കഴിഞ്ഞു. ബസ്തര്‍ ഉള്‍പ്പെടെയുള്ള ഛത്തീസ് ഗഡിലെ ഏഴ് ജില്ലകളില്‍ മാവോവാദികളെ ഇന്ത്യന്‍ പട്ടാളം തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. എന്തായലും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.
മാറുന്ന കശ്മീര്‍
കശ്മീരിലേക്ക് ഭീകരവാദികളെ അയച്ചാല്‍ കണ്ടാല്‍ നെറ്റിയില്‍ വെടിയുണ്ട കയറ്റുമെന്നാണ് അമിത് ഷാ പറഞ്ഞത്. കശ്മീരിലേക്ക് ഭീകരവാദികളെ അയയ്ക്കുന്ന പാകിസ്ഥാനുള്ള താക്കീതായിരുന്നു അമിത് ഷാ നല്‍കിയത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭരിയ്ക്കുമ്പോള്‍ കശ്മീരില്‍ മൂന്ന് മണിക്കൂറാണ് കറന്റ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കശ്മീരില്‍ 24 മണിക്കൂറും കറന്റ് കിട്ടും. പണ്ട് ഇന്ത്യന്‍ പട്ടാളത്തിന് എതിരെ കല്ലെറിഞ്ഞിരുന്ന യുവാക്കളെ ഇപ്പോള്‍ കിട്ടാനില്ല. പാകിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടുകെട്ടുകള്‍ ഇറക്കിയാണ് പണ്ട് ഇന്ത്യന്‍ പട്ടാളത്തിന് നേരെ കല്ലെറിഞ്ഞ ചെറുപ്പക്കാര്‍ക്ക് നല്‍കിയിരുന്നത്. പക്ഷെ നോട്ട് നിരോധനത്തോടെ ഈ കള്ളനോട്ടിന്റെ വരവ് നിന്നു. കശ്മീരില്‍ പുതിയ നിക്ഷേപങ്ങള്‍ വരുന്നു. പുറത്തുനിന്നുള്ള വ്യവസായികള്‍ അവിടെ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നു. അവിടെ ഭൂമി വാങ്ങുന്നു. ഇന്ന് അവിടെ യുവാക്കള്‍ക്ക് ജോലിയുണ്ട്. കല്ലെറിയാന്‍ നേരവുമില്ല.- കശ്മീരിലെ മാറ്റങ്ങളെക്കുറിച്ച് അമിത് ഷാ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: